ഇന്ത്യ-വെസ്റ്റിൻഡീസ് ട്വന്റി-20; ഇന്ത്യയ്ക്ക് ബോളിംഗ്, സഞ്ജു ടീമിൽ
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി-20യില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. ട്രിനിഡാഡ് ബ്രയാന്‍ ലാറ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തിലക് വര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്തും. യശസ്വി ജയ്‌സ്വാള്‍ അടുത്ത മത്സരം വരെ കാത്തിരിക്കണം. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ട്. മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ കളിക്കുന്നത്. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ടീമിലെത്തി. മുകേഷിന് പുറമെ അര്‍ഷ്ദീപ് സിംഗാണ് സ്‌പെഷ്യലിസ്റ്റ് പേസര്‍. ഹാര്‍ദിക് പാണ്ഡ്യയും പന്തെടുക്കും.
അതേസമയം, മലയാളി താരം സഞ്ജുവിനെ ഒരു നാഴികക്കല്ല് കാത്തിരിക്കുന്നുണ്ട്. ടി20 ക്രിക്കറ്റില്‍ 6000 റണ്‍സ് തികയ്ക്കാന്‍ സഞ്ജുവിന് 21 റണ്‍സ് കൂടി മതി. ഐപിഎല്ലില്ലും ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ ടീമിനുമായി 241 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി സഞ്ജു 5979 റണ്‍സാണ് നേടിയിട്ടുള്ളത്. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഒന്നാമാന്‍. 374 ടി20 മത്സരങ്ങളില്‍ നിന്ന് കോലി 11,965 റണ്‍സ് നേടിയിട്ടുണ്ട്.