കനത്ത മഴ; ഇന്ത്യ-ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം ഉപേക്ഷിച്ചു!
കനത്ത മഴയെ തുടർന്ന് ഇന്ത്യ - ന്യൂസിലന്‍ഡ് ബെംഗളൂരു ടെസ്റ്റിന്റെ ആദ്യ ദിനം ഉപേക്ഷിച്ചു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിക്കേണ്ട ടെസ്റ്റിന് കനത്ത മഴയെ തുടര്‍ന്ന് ടോസ് ഇടാന്‍ പോലും സാധിക്കാതെയാണ് കളി ഉപേക്ഷിക്കേണ്ടി വന്നത്. വരും ദിവസങ്ങളില്‍ മഴ തുടരുമെന്നതില്‍ മത്സരം നടക്കുമോ എന്നുള്ള കാര്യത്തിലും ഉറപ്പില്ല. ബെംഗളൂരുവില്‍ മത്സരം നടത്താനാവാത്ത വിധം മഴയാണ്. ഇരു ടീമുകളും ഇന്‍ഡോര്‍ സംവിധാനത്തില്‍ പരിശീലനം നടത്തി. മേഘാവൃതമായ അന്തരീക്ഷമായതിനാല്‍ മഴ ഉടനെയൊന്നും ശമിക്കുന്ന ലക്ഷണമില്ല. മത്സരം നടക്കേണ്ട ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ പിച്ച് നിലവിൽ മൂടിയിട്ടിരിക്കുകയാണ്.
ആദ്യദിനം നഷ്ടമായതുകൊണ്ട് തന്നെ നാളെ നേരത്തെ മത്സരം തുടങ്ങും. 9.15 മുതല്‍ 11.30 വരെയാണ് ആദ്യ സെഷന്‍. ലഞ്ചിന് ശേഷം രണ്ടാം സെഷന്‍ 12.10 ആരംഭിച്ച് 02.25ന് അവസാനിപ്പിക്കും. മൂന്നാം സെഷന്‍ 02.45ന് ആരംഭിച്ച് 16.45ന് അവസാനിക്കും. എന്നാല്‍ ടെസ്റ്റ് നടക്കുന്ന നാലു ദിവസവും ബെംഗളൂരുവില്‍ മഴയുണ്ടാകുമെന്ന് തന്നെയാണ് കാലവസ്ഥാ പ്രവചനം. ബംഗ്ലാദേശിനെതിരെ കാണ്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റും മഴമൂലം തടസപ്പെട്ടിരുന്നെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യ വിജയം നേടിയിരുന്നു. ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്പരക്ക് മുമ്പെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പാക്കാന്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ പരമ്പര അടിച്ചെടുക്കേണ്ടതുണ്ട്.