ഇന്ത്യ-ഖത്തർ ഫുട്ബോൾ മത്സരം ; ടിക്കറ്റ് വിൽപ്പന തകൃതി
സുനിൽ ഛേത്രിയില്ലാതെയെത്തുന്ന ഇന്ത്യൻ ടീമും, മലയാളി താരം തഹ്സീൻ മുഹമ്മദ് അണിനിരക്കുന്ന ഖത്തറും ദോഹയിൽ ഏറ്റുമുട്ടുമ്പോൾ ഗാലറിയിൽ ഇരിപ്പിടം ഉറപ്പിക്കേണ്ടേ. ജൂൺ 11ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ഖത്തർ ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക അങ്കത്തിനുള്ള ടിക്കറ്റ് വിൽപനക്ക് തുടക്കം കുറിച്ചു. വൈകുന്നേരം 6.45നാണ് മത്സരത്തിന് കിക്കോഫ് കുറിക്കുന്നത്. tickets.qfa.qa എന്ന ലിങ്ക് വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. പത്ത് റിയാൽ മുതൽ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ഗ്രൂപ് ‘എ’യിൽനിന്നും അഞ്ചിൽ നാല് ജയവും ഒരു സമനിലയുമായി സേഫ് സോണിലാണ് ഖത്തറെങ്കിൽ ഇന്ത്യക്ക് മുന്നോട്ടുള്ള കുതിപ്പിൽ മത്സരഫലം നിർണായകമാണ്. 13 പോയന്റുമായി ലോകകപ്പ് യോഗ്യത റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്കും, 2027 ഏഷ്യൻ കപ്പിനും ഖത്തർ യോഗ്യത നേടിക്കഴിഞ്ഞു. അവസാന രണ്ടു മത്സരങ്ങൾക്കും സീനിയർ താരങ്ങളില്ലാതെ യുവനിരയുമായാണ് ഖത്തർ ഇറങ്ങുന്നത്.
എന്നാൽ, ഒരു ജയവും രണ്ട് തോൽവിയും രണ്ട് സമനിലയുമുള്ള ഇന്ത്യക്ക് മുന്നോട്ടുള്ള യാത്രയിൽ ഏറെ നിർണായകമാണ് മത്സരം. കഴിഞ്ഞയാഴ്ച കൊൽക്കത്തയിൽ നടന്ന സുനിൽ ഛേത്രിയുടെ വിടവാങ്ങൽ മത്സരത്തിൽ കുവൈത്തിന് മുന്നിൽ ഗോൾരഹിത സമനിലയായിരുന്നു ഇന്ത്യക്ക്. അവസാന മത്സരത്തിൽ ഖത്തറിനെ തോൽപിച്ചാൽ മാത്രമെ, ഏഷ്യൻ കപ്പ് യോഗ്യതയും ലോകകപ്പ് യോഗ്യത റൗണ്ടിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശനവും സാധ്യമാകൂ.