ദക്ഷിണാഫ്രിക്കയും കടന്ന് ഇന്ത്യ; അപരാജിയ കുതിപ്പ് തുടർന്ന് ടീം ഇന്ത്യ
മുഹമ്മദ് സിറാജിൽ തുടങ്ങി കുല്‍ദീപ് യാദവ് തീർക്കുമ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 243 റൺസിന്റെ വമ്പൻ ജയം. ഇന്ത്യ ഉയർത്തിയ 327 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 27.1 ഓവറിൽ 83 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ദക്ഷിണാഫ്രിക്കയെ മുച്ചൂടും തകര്‍ത്തത്.
ടീം സ്‌കോർ ആറിൽ നിൽക്കെ ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് വീണു. ഒരു ഫോർ നേടി വമ്പ് കാണിച്ചെങ്കിലും നേരിട്ട പത്താം പന്തിൽ എഡ്ജ് തട്ടി ഡി-കോക്ക് പുറത്ത്. സിറാജായിരുന്നു ബൗളർ. 22ന് രണ്ട് 35ന് മൂന്ന് എന്ന നിലയിൽ തകർന്നതാടെ എത്രകണ്ട് പിടിച്ചുനിൽക്കാനാകും എന്ന് മാത്രമായി. ദക്ഷിണാഫ്രിക്കൻ നിരയിലെ വമ്പൻ അടിക്കാർക്കൊന്നും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
മികച്ച ഫോമിൽ പന്തെറിയുന്ന ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര തപ്പിത്തടയുകയായിരുന്നു. മുൻനിര ബാറ്റർമാരിൽ മൂന്ന് ബാറ്റർമാർക്ക് മാത്രമെ രണ്ടക്കം കടക്കാനായുള്ളൂ. ഡി-കോക്ക്(5) ടെമ്പ ബവുമ(11) റാസി വൻ ദസൻ(13) എയ്ഡൻ മാർക്രം(9) ഹെൻറിച്ച് ക്ലാസൻ(1) ഡേവിഡ് മില്ലർ(11) എന്നിവരെല്ലാം ആയുധം വെച്ച് കീഴടങ്ങി. മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവർ രണ്ടും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി ജഡേജക്ക് പിന്തുണകൊടുത്തു.