ഇന്ത്യ ഡ്രീം ഇലവൻ ജേഴ്സി പുറത്തിറക്കി; കോലിയും രോഹിത്തും ഇല്ല, ഇടംപിടിച്ച് സഞ്ജുവും ഗില്ലും
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യന്‍ ടീമിന്‍റെ പുതിയ ഏകദിന ജേഴ്സി പുറത്തിറക്കി. ഡ്രീം ഇലവന്‍ ജേഴ്സി സ്പോണ്‍സര്‍മാരായി എത്തിയശേഷം പുറത്തിറക്കുന്ന ആദ്യ ഏകദിന ജേഴ്സിയാണിത്. പതിവ് തെറ്റിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ വിരാട് കോലിയോ ഇല്ലാതെയാണ് ഇന്ത്യയുടെ പുതിയ ജേഴ്സി അവതരിപ്പിച്ചത്.
ശുഭ്മാന്‍ ഗില്‍, ടി20 നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, മലയാളി താരം സഞ്ജു സാംസണ്‍, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയ യുവനിരയാണ് പുതിയ ജേഴ്സി ധരിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്നത്. അഡിഡാസ് ഇന്ത്യയുടെ കിറ്റ് സ്പോണ്‍സര്‍മാരായി എത്തിയശേഷം ആദ്യമായാണ് ഇന്ത്യന്‍ ടീം വൈറ്റ് ബോള്‍ സീരീസ് കളിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അഡിഡാസ് ജേഴ്സി ധരിച്ചിറങ്ങിയ ഇന്ത്യക്ക് ജേഴ്സി സ്പോണ്‍സര്‍മാരുണ്ടായിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് തൊട്ടു മുമ്പാണ് ബൈജൂസിന് പകരം ജേഴ്സി സ്പോണ്‍സര്‍മാരായി ഡ്രീം ഇലവന്‍ എത്തിയത്.
വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു ഡ്രീം ഇലവന്‍ ജേഴ്സി സ്പോണ്‍സര്‍മാരായി അരങ്ങേറിയത്. അഡിഡാസ് ഒരുക്കിയ മനോഹരമായ ജേഴ്സിയില്‍ ഡ്രീം ഇലവന്‍ എന്ന് ചുവപ്പു നിറത്തില്‍ എഴുതിയത് ഭംഗി കുറച്ചതായി ആരാധകര്‍ക്ക് ആക്ഷേപം ഉണ്ടായിരുന്നു. എന്നാല്‍ വൈറ്റ് ബോള്‍ ജേഴ്സിയില്‍ നീലയില്‍ വെള്ള നിറത്തിലാണ് ഡ്രീം ഇലവന്‍റെ പേരെഴുതിയിരിക്കുന്നത്.
ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലും ഇതേ നിറമുള്ള ജേഴ്സിയാണോ ഇന്ത്യന്‍ ടീം ധരിക്കുക എന്ന കാര്യം വ്യക്തമല്ല. വിന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്ക് ശേഷം അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലും ഏഷ്യാ കപ്പിലും ഇന്ത്യ കളിക്കുന്നുണ്ട്. ഈ പരമ്പരകളില്‍ ഇതേ ജേഴ്സിയാവും ഇന്ത്യന്‍ ടീം ധരിക്കുക.