സാഫ് കപ്പ് സേഫാക്കി ഇന്ത്യ , കുവൈറ്റിനെ തകർത്തത് പെനാൽട്ടി ഷൂട്ടൗട്ടിൽ; കിരീട നേട്ടം ഒൻപതാം തവണ
മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതലേ ആക്രമണ ശൈലിയിലാണ് ഇരുടീമുകളും തുടങ്ങിയത്. പന്തടക്കത്തിൽ ഇന്ത്യക്കാണ് മുൻതൂക്കമുണ്ടായിരുന്നതെങ്കിലും ആതിഥേയരുടെ വല കുലുക്കി ആദ്യം പ്രഹരമേൽപ്പിച്ചത് കുവൈറ്റായിരുന്നു. മുന്നേറ്റ നിര താരം ഷബീബ് അൽ കാലിദിയാണ് 14 ആം മിനിറ്റിൽ ഗോൾ നേടിയത്. ഇന്ത്യൻ പ്രതിരോധത്തിലുണ്ടായ വിള്ളൽ മുതലാക്കി അൽ ബുലൗഷി ബോക്സിനകത്തേക്ക് നൽകിയ പാസ് സ്വീകരിച്ച ഷബീബ്, ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിനെ കാഴ്ചക്കാരനാക്കി നിർത്തി വലയിലേക്ക് തൊടുക്കുകയായിരുന്നു.
ആദ്യം അടിപതറിയെങ്കിലും പിന്നീട് മൈതാനത്ത് കണ്ടത് കുവൈറ്റ് ഗോൾ മുഖത്തേക്ക് ഇന്ത്യയുടെ നിരന്തര ആക്രമണമായിരുന്നു. ചാങ്തെ നൽകിയ പാസിൽ നിന്ന് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി തൊടുത്ത ഗോൾ എന്നുറപ്പിച്ച ഷോട്ട് കുവൈറ്റ് ഗോൾ കീപ്പർ കമീൽ തട്ടിയകറ്റി. തുടർന്നും ആക്രമണ ശൈലിയിൽ കളി തുടർന്ന ഇന്ത്യ 39 ആം മിനിറ്റിൽ ലക്ഷ്യം കണ്ടു. മലയാളി താരം സഹൽ അബ്ദുൽ സമദ് നൽകിയ കിടിലൻ പാസ് ലല്ലിൻസുവാല ചാങ്തെ നിഷ്പ്രയാസം വലയിലെത്തിച്ചു. സ്കോർ 1-1. പിന്നീട് ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. കുവൈറ്റിന്റെ പരുക്കൻ ടാക്ടിക്സുകൾ കാരണം ഇന്ത്യ നീക്കം പലതും പാതിവഴിയിൽ അവസാനിച്ചു. പരുക്ക് കാരണം ആദ്യ പകുതിയിൽ അൻവലിയെ നഷ്ടമായതും ഇന്ത്യക്ക് തിരിച്ചടിയായി. നിശ്ചിത സമയം കഴിഞ്ഞും സമനില തുടർന്നതോടെ കളി എക്സ്ട്രാ ടൈമിലേക്ക് എത്തി.
എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ കുവൈറ്റ് ഗോൾ എന്നുറപ്പിച്ച ഷോട്ടിന് മുന്നിൽ ഇന്ത്യക്ക് രക്ഷകനായത് നിഖിൽ പൂജാരിയായിരുന്നു. എക്സ്ട്രാ ടൈമും സമനിലയിൽ കലാശിച്ചതോടെ കളി പെനാൽട്ടി ഷൂട്ടൗട്ടിലേക്ക്.
പെനാൽട്ടി ഷൂട്ടൗട്ടിൽ ഇന്ത്യക്കായി ആദ്യ കിക്കെടുത്ത നായകൻ സുനിൽ ഛേത്രി പന്ത് കൃത്യമായി വലയിലെത്തിച്ചു. കുവൈറ്റ് താരം അബ്ദുള്ളയുടെ കിക്ക് ക്രോസ് ബാറിൽ തട്ടി തെറിച്ചതോടെ കണ്ഠീരവ സ്റ്റേഡിയം ഇരമ്പിയാർത്തു. ജിങ്കൻ എടുത്ത രണ്ടാം കിക്ക് ലക്ഷ്യം കണ്ടതോടെ സ്കോർ 2-0. തെയ്ബി എടുത്ത രണ്ടാം കിക്ക് വല കുലുക്കിയതോടെ കുവൈറ്റ് ടീമിന് ജീവശ്വാസം. ഇന്ത്യയുടെ മൂന്നാം കിക്കെടുത്തത് ചാങ്തെയായിരുന്നു. താരത്തിനും പിഴച്ചില്ല. കുവൈറ്റിന്റെ അൽ ദഫെരിയുടെ കിക്കും വലയിൽ, സ്കോർ 3-2.എന്നാൽ നാലാം കിക്ക് ഇന്ത്യക്ക് പിഴച്ചു. ഉദാന്ത തൊടുത്ത കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്. എന്നാൽ നാലാം കിക്ക് കുവൈറ്റ് ലക്ഷ്യത്തിലെത്തിച്ചതോടെ ഇന്ത്യയും കുവൈറ്റും ഒപ്പത്തിനൊപ്പം. ആ സമയം ഇരു ടീമുകളുടേയും ചങ്കിടിപ്പ് കണ്ഠീരവ സ്റ്റേഡിയത്തിൽ ഉയർന്ന് കേൾക്കാമായിരുന്നു. ഇന്ത്യയുടെ അഞ്ചാം കിക്കെടുത്തത് സുഭാഷിസ് ബോസ്. പന്ത് ഗോൾ വല ഭേതിച്ചതോടെ വീണ്ടും ആരവം. സമ്മർദത്തിലായിരുന്നുവെങ്കിലും കുവൈറ്റ് താരം അൽ ഖൽദിക്കും പിഴച്ചില്ല. ഒടുവിൽ കളി സഡൻ ഡെത്തിലേക്ക്. ഇന്ത്യക്കായി ആറാം കിക്കെടുത്ത മഹേഷ് ലക്ഷ്യത്തിലെത്തിച്ചപ്പോൾ കുവൈറ്റ് നായകന്റെ ഷോട്ട് തടുത്ത് ഗുർപ്രീത് ഇന്ത്യയുടെ രക്ഷകനായി. പെനാൽട്ടി ഷൂട്ടൗട്ടിൽ 5-4 ന് കുവൈറ്റിനെ തകർത്ത ഇന്ത്യ ഒടുവിൽ സാഫ് കപ്പിൽ മുത്തമിട്ടു