Begin typing your search...

കിവികളെ പറപ്പിച്ചു; ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ ജയം

കിവികളെ പറപ്പിച്ചു; ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ ജയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ റൺമലക്ക് മുന്നിൽ കറങ്ങി വീണ് ന്യൂസിലന്‍റ്. 358 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കിവികൾ വെറും 167 റൺസിന് കൂടാരം കയറി. 190 റൺസിന്റെ കൂറ്റൻ ജയമാണ് ദക്ഷിണാഫ്രിക്ക കുറിച്ചത്. ഒമ്പതോവറില്‍ വെറും 46 റൺസ് വഴങ്ങി നാല് വിക്കറ്റ് പിഴുത കേശവ് മഹാരാജാണ് കിവീസിനെ കറക്കി വീഴ്ത്തിയത്. 60 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സാണ് ന്യൂസിലന്റ് ടോപ് സ്‌കോറർ. കിവീസ് നിരയിൽ മൂന്ന് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.

നേരത്തേ സെഞ്ച്വറികളുമായി കളംനിറഞ്ഞ ക്വിന്റൺ ഡീക്കോക്കിന്റേയും റസി വാൻഡർ ഡസന്റേയും മികവിലാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 357 റൺസ് എടുത്തത്. ഡീക്കോക്ക് 116 പന്തിൽ മൂന്ന് സിക്‌സുകളുടേയും 10 ഫോറുകളുടേയും അകമ്പടിയിൽ 114 റൺസ് എടുത്തപ്പോൾ, വാൻഡർ ഡസൻ 118 പന്തിൽ അഞ്ച് സിക്‌സുകളുടേയും ഒമ്പത് ഫോറുകളുടേയും അകമ്പടിയിൽ 133 റൺസടിച്ചെടുത്തു. അവസാന ഓവറുകളിൽ കൂറ്റനടികളുമായി കളം നിറഞ്ഞ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 350 കടത്തിയത്. മില്ലര്‍ വെറും 30 പന്തില്‍ നാല് സിക്സുകളുടേയും രണ്ട് ഫോറിന്‍റേയും അകമ്പടിയില്‍ 53 റണ്‍സെടുത്തു.

ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത കിവീസിന്റെ കണക്കു കൂട്ടലുകൾ മുഴുവൻ തെറ്റിച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്ക നടത്തിയത്. ക്യാപ്റ്റൻ ടെംപാ ബാവുമ പുറത്തായ ശേഷം ക്രീസിലൊന്നിച്ച ഡീക്കോക്ക് ഡസൻ ജോഡി 200 റൺസിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയത്. ഈ ടൂർണമെന്റിൽ തകർപ്പൻ ഫോമിൽ ബാറ്റ് വീശുന്ന ഡീക്കോക്കിന്റെ നാലാം സെഞ്ച്വറിയാണിന്ന് പൂനേയിൽ പിറന്നത്. ഒരു ലോകകപ്പിൽ 500 റൺസിന് മുകളിൽ സ്‌കോർ ചെയ്യുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരവുമായി ഡീക്കോക്ക്. ഇനിയും മത്സരങ്ങൾ ബാക്കിയുള്ളതിനാൽ തന്നെ ഡീക്കോക്ക് റെക്കോർഡുകൾ ഏറെ പഴങ്കഥയാക്കുമെന്ന് ഉറപ്പാണ്. കിവീസിനായി ടിം സൗത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. റണ്‍സ് വിട്ടു കൊടുക്കാന്‍ ഒരു പിശുക്കും കാട്ടാതിരുന്ന കിവീസ് ബോളര്‍മാരില്‍ പലരും ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരുടെ ചൂട് നന്നായറിഞ്ഞു.. അഞ്ചോവറില്‍ 69 റണ്‍സ് വഴങ്ങിയ ജെയിംസ് നീഷാമാണ് ഏറ്റവും കൂടുതല്‍ തല്ലുവാങ്ങിയത്. ട്രെന്‍റ് ബോള്‍ട്ട് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ടിന് മുന്നില്‍ പിടിച്ചു നിന്നത്. ബോള്‍ട്ട് പത്തോവറില്‍ വെറും 49 റണ്‍സാണ് വഴങ്ങിയത്.

WEB DESK
Next Story
Share it