ഷമി ഹീറോ, ന്യൂസിലൻഡിനെ 70 റൺസിന് തോൽപിച്ചു, ഇന്ത്യ ഫൈനലിൽ
ഏകദിന ലോകകപ്പിലെ ആദ്യ സെമിയിൽ ന്യൂസിലാൻഡിനെ 70 റൺസിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. ഏഴ് വിക്കറ്റ് നേട്ടവുമായി തകർത്താടിയ മുഹമ്മദ് ഷമിയുടെ മികവിലാണ് ഇന്ത്യ സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിന്റെ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ മുന്നോട്ടുവെച്ച 398 റൺസ് വിജയലക്ഷ്യം മറികടക്കാനുള്ള ന്യൂസിലാൻഡിന്റെ ശ്രമം 48.5 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 327 റൺസ് വരെയെത്തി. ലോകകപ്പിൽ തകർപ്പൻ പ്രകടനം തുടരുന്ന ഷമിയാണ് വാംഖഡെ സ്‌റ്റേഡിയത്തിൽ വിക്കറ്റ് വേട്ട തുടങ്ങിയത്. ഓപണർമാരായ ഡിവോൺ കോൺവേ(13)യെയും രചിൻ രവീന്ദ്ര(13)യെയും മുഹമ്മദ് ഷമിയുടെ പന്തിൽ വിക്കറ്റ് കീപ്പർ കെഎൽ രാഹുൽ പിടികൂടി. വിക്കറ്റ് കീപ്പർ ടോം ലാതത്തെ(0) ഷമി ബൗൾഡാക്കി. 52 റൺസിൽ നിൽക്കവേ കെയ്ൻ വില്യംസന്റെ ക്യാച്ച് ഷമി വിട്ടെങ്കിലും അധികം വൈകാതെ ന്യൂസിലാൻഡ് നായകനെയും താരം പറഞ്ഞയച്ചു. ന്യൂസിലാൻഡിന്റെ ടോപ് സ്‌കോറർ ഡരിൽ മിച്ചലിനെയും(134) തിരിച്ചയച്ചത് ഷമിയായിരുന്നു. ഒടുവിൽ ടിം സൗത്തിയെ രാഹുലിന്റെ കൈകളിലെത്തിക്കുകയും ചെയ്തു.
41 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സിനെ ജസ്പ്രീത് ബുംറയും മാർക് ചാപ്മാനെ കുൽദീപ് യാദവും പുറത്താക്കി. രവീന്ദ്ര ജഡേജയുടെ ക്യാച്ചിലാണ് ഇരുവരും പുറത്തായത്. 77 റൺസ് വഴങ്ങിയ സിറാജിന് ആശ്വാസമായി മിച്ചൽ സാൻറ്‌നറുടെ(9) വിക്കറ്റ് ലഭിച്ചു. രോഹിത് ശർമ പിടികൂടുകയായിരുന്നു. ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയെന്ന നേട്ടം സ്വന്തമാക്കിയ വിരാട് കോഹ്ലിയുടെയും സെഞ്ച്വറിയടിച്ച ശ്രേയസ് അയ്യരുടെയും ബലത്തിലാണ് ന്യൂസിലാൻഡിനെതിരെ ഇന്ത്യ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ് ടീം ഇന്ത്യ അടിച്ചുകൂട്ടിയത്. കോഹ്‌ലി 117ഉം ശ്രേയസ് അയ്യർ 105ഉം റൺസെടുത്താണ് പുറത്തായത്. കോഹ്‌ലിയെ ടിം സൗത്തി കോൺവേയുടെ കൈകളിലെത്തിച്ചപ്പോൾ, അയ്യരെ ബോൾട്ടിന്റെ പന്തിൽ മിച്ചൽ പിടികൂടി. അയ്യർ പുറത്തായതോടെ ഇറങ്ങിയ സൂര്യകുമാർ വന്നതും പോയതും പെട്ടെന്നായിരുന്നു. രണ്ട് പന്ത് നേരിട്ട താരം ടിം സൗത്തിയുടെ പന്തിൽ ഫിലിപ്‌സിന് ക്യാച്ച് നൽകുകയായിരുന്നു. നേരത്തെ റിട്ടേർഡ് ഹാർട്ടായി തിരിച്ചുകയറിയ ഓപണർ ശുഭ്മാൻ ഗിൽ വീണ്ടുമിറങ്ങി. സ്‌കോർ 80 ആക്കി കെഎൽ രാഹുലി(39)നൊപ്പം പുറത്താകാതെ നിന്നു. രോഹിത് പുറത്തായ ശേഷം കളം നിറഞ്ഞുകളിച്ച ഗിൽ 65 പന്തിൽനിന്ന് 79 റൺസെടുത്ത നിൽക്കവേയാണ് ഗിൽ പേശിവലിവു മൂലം റിട്ടയേഡ് ഹർട്ടായിരുന്നത്. മറുപടി ബാറ്റിംഗിൽ ന്യൂസിലാൻഡ് 18 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. ഓപണർമാരായ ഡിവോൺ കോൺവേയും രചിൻ രവീന്ദ്രയുമാണ് പുറത്തായത്. ഇരുവരെയും മുഹമ്മദ് ഷമിയുടെ പന്തിൽ വിക്കറ്റ് കീപ്പർ കെഎൽ രാഹുൽ പിടികൂടുകയായിരുന്നു. നായകൻ കെയ്ൻ വില്യംസണും(30) ഡരിൽ മിച്ചലു(33)മാണ് ക്രീസിൽ.
രോഹിത് ശര്‍മ്മ അര്‍ധ സെഞ്ച്വറിക്കരികെ (47) പുറത്തായി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപണർമാർ നൽകിയത്. ടി20 മാതൃകയിൽ തകർത്തടിച്ചു കളിച്ച നായകൻ രോഹിത് ശർമ്മ ഇന്ത്യൻ ഇന്നിങ്‌സിന് അടിത്തറയിട്ടു. ന്യൂസിലാൻഡ് ബൗളർമാരെ ഗ്രൗണ്ടിന് തലങ്ങും വിലങ്ങും അടിച്ചു പറത്തിയ രോഹിത് 29 പന്തിൽനിന്ന് നാല് വീതം സിക്‌സറിന്റെയും ഫോറിന്റെയും അകമ്പടിയോടെ 47 റൺസാണ് സ്വന്തമാക്കിയത്. ടിം സൗത്തിയെ സിക്‌സർ പറത്താനുള്ള ശ്രമത്തിനിടെ നായകൻ കെയൻ വില്യംസിന്റെ കൈയിലൊതുങ്ങി. കോഹ്‌ലി ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ 50ന് മുകളിൽ സ്‌കോർ ചെയ്ത താരമെന്ന റെക്കോർഡും സ്വന്തമാക്കി. ഇത് എട്ടാം തവണയാണ് കോഹ്‌ലി അർധസെഞ്ച്വറി പിന്നിടുന്നത്. ഏഴു തവണ അമ്പത് റൺസിന് മുകളിൽ സ്‌കോർ ചെയ്ത ഷാകിബുൽ ഹസന്റെയും സച്ചിൻ ടെണ്ടുൽക്കറിന്റെയും റെക്കോർഡാണ് താരം മറികടന്നത്. അവസാന മത്സരം കളിച്ച അതേ ടീമിനെ തന്നെയാണ് ഇന്ത്യയും ന്യൂസിലാൻഡും നിലനിർത്തിയത്. എല്ലാ ലീഗ് മത്സരങ്ങളും വിജയിച്ച ഇന്ത്യ മുഴുവൻ പോയന്റും സ്വന്തമാക്കി ഒന്നാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. ന്യൂസിലൻഡാകട്ടെ ആദ്യ നാലുമത്സരങ്ങൾ വിജയിച്ചശേഷം പിന്നീടുള്ള നാലെണ്ണവും തോറ്റു. അവസാനമത്സരത്തിൽ ജയിച്ച് നാലാം സ്ഥാനത്തോടെ സെമി ഉറപ്പാക്കി. ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (നായകൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്
ന്യൂസിലൻഡ് (പ്ലേയിംഗ് ഇലവൻ): ഡെവൺ കോൺവേ, റാച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ (നായകൻ), ഡാരിൽ മിച്ചൽ, മാർക്ക് ചാപ്മാൻ, ഗ്ലെൻ ഫിലിപ്‌സ്, ടോം ലാതം (വിക്കറ്റ് കീപ്പർ), മിച്ചൽ സാന്റ്‌നർ, ടിം സൗത്തി, ലോക്കി ഫെർഗൂസൺ, ട്രെന്റ് ബോൾട്ട്