സെപ്റ്റംബറിലെ മികച്ച താരം ആരാണ്; ഹെഡ്, ജയസൂര്യ, മെന്‍ഡിസ്, ഐസിസി ചുരുക്ക പട്ടികയില്‍
സെപ്റ്റംബര്‍ മാസത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനുള്ള താരങ്ങളുടെ ചുരുക്ക പട്ടിക പുറത്തിറക്കി ഐസിസി. പുരസ്‌കാരത്തിനുള്ള മൂന്ന് താരങ്ങളുടെ ചുരുക്ക പട്ടികയാണ് ഐസിസി പുറത്തിറക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്, ശ്രീലങ്കന്‍ താരങ്ങളായ പ്രബാത് ജയസൂര്യ, കാമിന്ദു മെന്‍ഡിസ് എന്നിവരാണ് പട്ടികയിലിടം കണ്ടത്. ഇവരില്‍ ഒരാള്‍ക്കായിരിക്കും പുരസ്‌കാരം.
സെപ്റ്റംബറില്‍ ഓസ്‌ട്രേലിയക്കായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കിടിലൻ ഫോമിലാണ് ട്രാവിസ് ഹെഡ് കളിച്ചത്. പ്രബാത് ജയസൂര്യ സ്പിന്‍ ബൗളിങില്‍ തിളങ്ങിയപ്പോള്‍ മെന്‍ഡിസ് ബാറ്റിങിലാണ് മിന്നിയത്. ഇംഗ്ലണ്ട്, സ്‌കോട്‌ലന്‍ഡ് ടീമുകള്‍ക്കെതിരെ 5 ടി20 മത്സരങ്ങളില്‍ നിന്നു ഹെഡ് 182 റണ്‍സ് അടിച്ചെടുത്തു. 245.94 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ഇംഗ്ലണ്ടിനെതിരെ 23 പന്തില്‍ 59 റണ്‍സും സ്‌കോട്‌ലന്‍ഡിനെതിരെ 25 പന്തില്‍ 80 റണ്‍സുമാണ് ഹെഡ് അടിച്ചുകൂട്ടിയത്. ഏകദിനത്തിലും ഹെഡ് തിളങ്ങി. താരം ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ 248 റണ്‍സ് കണ്ടെത്തി.
ടെസ്റ്റില്‍ ലങ്കന്‍ സ്പിന്നര്‍ പ്രബാത് ജയസൂര്യ മികച്ച ബൗളിങാണ് കാഴ്ച്ചവെച്ചത്. ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തില്‍ ലങ്കയെ പരമ്പര വിജയത്തിലേക്ക് നയിക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. പരമ്പരയിലെ രണ്ട് ടെസ്റ്റിലും താരം 9 വിക്കറ്റുകള്‍ വീഴ്ത്തി.
കാമിന്ദു മെന്‍ഡിസാകട്ടെ ടെസ്റ്റില്‍ സെപ്റ്റംബറില്‍ മികച്ച ബാറ്റിങാണ് നടത്തിയത്. താരം 451 റണ്‍സുകള്‍ നേടി. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ പുറത്താകാതെ 182 റണ്‍സ് എടുത്ത് താരം ടീം ടോട്ടല്‍ 600 കടത്തിയിരുന്നു.