ഇന്ത്യൻ പരിശീലകനാവാനുള്ള അഭിമുഖത്തിൽ പങ്കെടുത്ത് ഗൗതം ഗംഭീറും ഡബ്ല്യു വി രാമനും; ചോദിച്ചത് പ്രധാനമായും 3 ചോദ്യങ്ങള്‍
മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും ഡബ്ല്യു വി രാമനും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകനാവാനുള്ള അഭിമുഖത്തില്‍ പങ്കെടുത്തു. ഇന്നലെയാണ് ഇരുവരും ബിസിസിഐ ഉപദേശക സമിതിക്കു മുമ്പാകെ സൂം കോളില്‍ അഭിമുഖത്തിന് എത്തിയത്. ആദ്യം ഗംഭീറിനെയും പിന്നീട് രാമനെയും ഉപദേശക സമിതി അഭിമുഖം നടത്തി. അഭിമുഖത്തിന് പിന്നാലെ ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചേക്കും എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്.
അഭിമുഖത്തിൽ പ്രധാനമായും മൂന്ന് ചോദ്യങ്ങളാണ് ഉപദേശക സിമിതി ഗംഭീറിനോടും രാമനോടും ചോദിച്ചതെന്നാണ് വിവരം.
കോച്ചിംഗ് സ്റ്റാഫ് അംഗങ്ങളായി ആരെയൊക്കെയാണ് നിര്‍ദേശിക്കുന്നത് എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഇന്ത്യൻ ടീമിലെ ചില താരങ്ങള്‍ കരിയറിന്‍റെ അവസാന ഘട്ടത്തിലൂടെ കടന്നു പോകുകയാണ്, അതിനാൽ ടീമിലെ തലമുറ മാറ്റത്തിനായി മുന്നോട്ടുവെക്കുന്ന പ്രധാന നിര്‍ദേശങ്ങൾ എന്തൊക്കെയാണ്, എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. മൂന്ന് ഫോര്‍മാറ്റിനും മൂന്ന് വ്യത്യസ്ത ടീമുകളും മൂന്ന് ക്യാപ്റ്റന്‍മാരും എന്ന നിര്‍ദേശത്തെ എങ്ങനെയാണ് നോക്കികാണുന്നത്. കളിക്കാരുടെ ജോലിഭാരം കുറക്കാനും പരിക്കുകള്‍ മറികടക്കാനും ഇത് എത്രമാത്രം പ്രായോഗികമാണ്. ഐസിസി ചാമ്പ്യന്‍ഷിപ്പുകളിലെ കിരീട വരള്‍ച്ച മറികടക്കാന്‍ എന്തൊക്കെയാണ് ചെയ്യാനുദ്ദേശിക്കുന്നത്, മൂന്നാമത്തെ ചോദ്യം ഇതായിരുന്നു.
ഇത്തവണത്തെ ട്വന്റി20 ലോകകപ്പോടെ ഇന്ത്യൻ പുരുഷ ടീമിന്റെ പരിശീലക സ്ഥാനമൊഴിയുമെന്ന് രാഹുൽ ദ്രാവിഡ് പ്രഖ്യാപിച്ചതോടെയാണ് പുതിയ ഹെഡ് കോച്ചിനെ തേടി ബിസിസിഐ ഇറങ്ങിയത്. ഇന്ത്യക്കാരായ പരിശീലകരെയാണു കണ്ടെത്താൻ ശ്രമിക്കുന്നതെന്നു ബിസിസിഐ നേരത്തേ വ്യക്തമാക്കിയിരുന്നു.