ഫോർമുല വൺ റേസ് ; വനിതകളുടെ വേഗപ്പോരിന് ഖത്തർ വേദിയാകും
ലോകത്തെ അതിവേഗ ഡ്രൈവർമാരുടെ ഉശിരൻ പോരാട്ടത്തിനൊരുങ്ങുന്ന ഖത്തറിലെ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിൽ വനിതാ വേഗപ്പോരുകാരും ട്രാക്കിലിറങ്ങുന്നു. ഫോർമുല വൺ അക്കാദമി വനിതാ കാറോട്ട പോരാട്ടത്തിന് ഇത്തവണ ഖത്തറും വേദിയാകുമെന്ന് എഫ്.വൺ പ്രഖ്യാപിച്ചു.
16 മുതൽ 25 വരെ പ്രായമുള്ള യുവതികളുടെ ആവേശപ്പോരിന് എഫ് വൺ റേസ് നടക്കുന്ന അതേദിവസമായ നവംബർ 29 മുതൽ ഡിസംബർ ഒന്ന് വരെയാണ് ലുസൈൽ സർക്യൂട്ട് സാക്ഷ്യം വഹിക്കുന്നത്. വേഗപ്പോരുകാരുടെ ട്രാക്കിലേക്ക് ഉദിച്ചുയരാൻ കാത്തിരിക്കുന്ന വനിതാ ഡ്രൈവർമാർക്ക് പിന്തുണ നൽകുന്നതിനായാണ് എഫ്.വൺ അക്കാദമി റേസ് സംഘടിപ്പിക്കുന്നത്.
മാക്സ് വെസ്റ്റാപ്പനും ലൂയിസ് ഹാമിൽട്ടനും ഉൾപ്പെടെ ലോകോത്തര കാറോട്ടക്കാരുടെ മത്സരത്തിന് സാക്ഷ്യം വഹിക്കനെത്തുന്ന ആരാധകർക്ക് ഇതിനൊപ്പം മറ്റൊരു മത്സരവിരുന്ന് കൂടിയായി മാറും അക്കാദമി പോരാട്ടം.
സീരീസിലെ ആറാമത് റൗണ്ടിനാണ് ഖത്തർ വേദിയാകുന്നത്. സൗദി, മിയാമി, സ്പെയിൻ, നെതർലൻഡ്സ്, സിംഗപ്പൂർ എന്നിവ ഇതിനകം പൂർത്തിയായി. ഡിസംബറിൽ യു.എ.ഇയിലാണ് ഫൈനൽ റേസ് അരങ്ങേറുന്നത്.
അഞ്ച് ടീമുകളിലായി 15 ഡ്രൈവർമാർ മാറ്റുരക്കുന്ന റേസിൽ 190 പോയന്റുമായി ബ്രിട്ടന്റെ അബി പുളിങ് ആണ് ഒന്നാമത്. ലുസൈൽ സർക്യൂട്ടിലെ മത്സരങ്ങളുടെ ടിക്കറ്റുകൾ tickets.lcsc.qa ലിങ്ക് വഴി ബുക്ക് ചെയ്യാവുന്നത്.