വിവാദപരാമര്‍ശവുമായി മുന്‍ പാക് ക്രിക്കറ്റ് താരം അബ്ദുല്‍ റസാഖ്
ബോളിവുഡ് താരം ഐശ്വര്യ റായിയെ പരാമര്‍ശിച്ച് മുന്‍ പാക് ക്രിക്കറ്റ് താരം അബ്ദുല്‍ റസാഖ്. ക്രിക്കറ്റ് കളിക്കുമ്പോള്‍ വിജയിക്കണമെന്ന ലക്ഷ്യത്തോടെയാകണം കളിക്കേണ്ടത്. നമ്മുടെ ഉദ്ദേശ്യം ശരിയല്ലെങ്കില്‍ പരാജയപ്പെടുമെന്നും ഐശ്വര്യ റായിയെ വിവാഹം ചെയ്താല്‍ സൗന്ദര്യമുള്ള കുഞ്ഞുങ്ങളുണ്ടാകുമെന്ന് കരുതുന്നതുപോലെയാണ് അതെന്നുമായിരുന്നു റസാഖിന്റെ വിവാദ പരാമര്‍ശം.
പാകിസ്താന്റെ മുന്‍താരങ്ങളായ ഷാഹിദ് അഫ്രീദി, ഉമര്‍ ഗുല്‍ തുടങ്ങിയ താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത ചര്‍ച്ചയിലാണ് റസാഖ് ഇത്തരത്തില്‍ സംസാരിച്ചത്. 'പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഉദ്ദേശ്യത്തെ കുറിച്ചാണ് ഞാന്‍ ഇവിടെ സംസാരിക്കുന്നത്. ഞാന്‍ കളിക്കുന്ന കാലത്ത് യൂനുസ് ഖാനായിരുന്നു ക്യാപ്റ്റന്‍. അദ്ദേഹത്തിന് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. അതില്‍നിന്ന് ഞാന്‍ ആത്മവിശ്വാസവും ധൈര്യവും സംഭരിച്ചു. പാകിസ്താന്‍ ക്രിക്കറ്റിനായി മികച്ച രീതിയില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ ദൈവത്തിനും നന്ദി പറയുന്നു.
ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പാകിസ്താന്‍ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്ന സമയമാണിത്. കളിക്കാരെ വാര്‍ത്തെടുക്കാനും അവരുടെ കഴിവ് രാകിമിനുക്കിയെടുക്കാനും നമുക്ക് ഒരു ഉദ്ദേശ്യവുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഐശ്വര്യ റായിയെ വിവാഹം ചെയ്താല്‍ സൗന്ദര്യമുള്ള കുഞ്ഞുങ്ങളുണ്ടാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അതൊരിക്കലും സംഭവിക്കാന്‍ പോകുന്നില്ല. അതിനാല്‍ ആദ്യം നിങ്ങള്‍ നിങ്ങളുടെ ഉദ്ദേശ്യങ്ങള്‍ തിരുത്തണം.' റസാഖ് ചര്‍ച്ചയില്‍ വ്യക്തമാക്കി. റസാഖിന്റെ ഈ വാക്കുകള്‍ കേട്ട് ഉമര്‍ ഗുല്ലും ഷാഹിദ് അഫ്രീദിയും ചിരിക്കുന്നതും കൈയടിക്കുന്നതും വീഡിയോയില്‍ കാണാം.
ഉര്‍ദുവിലുള്ള ഈ ചര്‍ച്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും നിരവധിപേര്‍ റസാഖിനെതിരേ രംഗത്തെത്തുകയും ചെയ്തു. ഐശ്വര്യ റായിയെ ഇതിലേക്ക് വലിച്ചിഴച്ചതെന്ന് എന്തിനാണെന്നും റസാഖിന്റേത് മൂന്നാകിട പരാമര്‍ശമായിപ്പോയെന്നും ആളുകള്‍ ട്വീറ്റ് ചെയ്തു. നാണക്കേടുണ്ടാക്കുന്ന ഉദാഹരണമാണ് റസാഖ് പറഞ്ഞതെന്നും ആളുകള്‍ എക്‌സില്‍ കുറിച്ചു.