ഫിഫ ക്ലബ് ലോകകപ്പ് ; മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം
വർണശബളമായി മാറി ക്ലബ് ലോകകപ്പ് ഫൈനലിന്റെ സമാപന ചടങ്ങ്. മത്സരത്തിന് മുന്നോടിയായി വിവിധ കലാപരിപാടികൾ അരങ്ങേറി. രാത്രി 8.35നായിരുന്നു സമാപന ചടങ്ങ്. ലോകപ്രശസ്തരായ ഗായിക ബെബെ രക്ഷെയും ഡിജെ ഡേവിഡ് ഗേറ്റയും ചേർന്ന് പരിപാടി അവതരിപ്പിച്ചു. സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനി എന്നിവർ ചേർന്ന് വിജയികളായ മാഞ്ചസ്റ്റർ സിറ്റിയെ കിരീടമണിയിച്ചു. ബ്രസീലിയൻ ക്ലബ് ഫ്ലൂമിനൻസിനെയാണ് സിറ്റി തകർത്തത്. സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് യാസർ ബിൻ ഹസൻ അൽ മസ്ഹലും കായിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
ക്ലബ് ലോകകപ്പിൽ ഈജിപ്തിന്റെ അൽഅഹ്ലി മൂന്നാം സ്ഥാനം നേടി. ജിദ്ദ അമീർ അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന മൂന്ന്, നാല് സ്ഥാനങ്ങൾ നിർണയിക്കുന്നതിനുള്ള മത്സരത്തിൽ ജപ്പാന്റെ ഉറവ റെഡ് ഡയമണ്ട്സിനെ നാലാം സ്ഥാനത്തേക്ക് തള്ളിയാണ് അൽഅഹ്ലി മൂന്നാം സ്ഥാനം ഉറപ്പിച്ചത്. ഒപ്പത്തിനൊപ്പം നിന്ന മത്സരം രണ്ടിനെതിരെ നാലു ഗോളുകൾക്ക് അൽഅഹ്ലിയുടെ ജയത്തോടെയാണ് അവസാനിച്ചത്.
19ആം മിനിറ്റിൽ യാസർ ഇബ്രാഹിമാണ് അൽഅഹ്ലിക്ക് ലീഡ് ഗോൾ നേടിയത്. 25ആം മിനിറ്റിൽ പെർസി താവ് അൽഅഹ്ലിക്ക് വേണ്ടി രണ്ടാം ഗോൾ നേടി. എന്നാൽ ജപ്പാൻ ഉറവയുടെ താരം കാന്റെ അഹ്ലിക്കെതിരെ ആദ്യഗോൾ അടിച്ച് ലീഡ് കുറച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 54ആം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ ജാപ്പനീസ് ടീമിനെ സമനിലയിലാക്കുന്നതിൽ താരം ഷുൾസും വിജയിച്ചു. 60ആം മിനിറ്റിൽ യോഷിയോ കൊയ്സുമി അബദ്ധത്തിൽ അൽഅഹ്ലിക്കായി മൂന്നാം ഗോൾ നേടി. 90ആം മിനിറ്റിൽ അലി മാഅ്മുൽ നാലാം ഗോളും കൂട്ടിച്ചേർത്തു. ഇതോടെ അൽഅഹ്ലി ലോകകപ്പിലെ മൂന്നാം സ്ഥാനം ഉറപ്പിക്കുകയായിരുന്നു.