വിദേശ താരങ്ങളുടെ ഇഷ്ട പരിശീല കേന്ദ്രമായി ദുബൈ ഹംദാൻ സ്പോർട്സ് കോംപ്ലക്സ്
വിദേശ താരങ്ങളുടെ പരിശീലന കേന്ദ്രമായി ദുബൈ സ്പോർട്സ് കൗൺസിലിന് കീഴിലെ ഹംദാൻ സ്പോർട്സ് കോംപ്ലക്സ്. നിരവധി ദേശീയ താരങ്ങളും ഒളിമ്പിക്സ് ജേതാക്കളുമാണ് പരിശീലനത്തിനായി കോംപ്ലക്സ് ഉപയോഗപ്പെടുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
കോംപ്ലക്സിൽ നിന്ന് പരിശീലനം നേടിയവർ കഴിഞ്ഞ ഒളിമ്പിക്സിൽ മൂന്ന് സ്വർണ മെഡലുകളും അഞ്ച് വെള്ളി മെഡലുകളും നേടിയിരുന്നു. നീന്തൽ താരങ്ങളും ബാഡ്മിന്റൺ താരങ്ങളുമാണ് പ്രധാനമായും ദുബൈ പരിശീലനത്തിലൂടെ മെഡലുകൾ സ്വന്തമാക്കിയിരുന്നത്. ഇതോടെ പുതിയ സീസണിലും നിരവധി വിദേശ താരങ്ങൾ പരിശീലനത്തിന് കോംപ്ലക്സിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
യൂറോപ്യൻ, അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളുടെ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ ജർമനിയിൽ നിന്ന് 16അംഗ കായിക താരങ്ങളുടെ പരിശീലനത്തിന് കോംപ്ലക്സ് വേദിയായി. ജർമനിയിലെ മൈൻസ് ഡൈവിങ് ക്ലബിന്റെ നേതൃത്വത്തിലാണ് ജൂനിയർ, യൂത്ത് താരങ്ങളെത്തിയത്. പരിശീലനത്തിന് യോജിച്ച സാഹചര്യമാണ് ദുബൈയിലെന്നും മികച്ച സജ്ജീകരണങ്ങളാണ് ഹംദാൻ സ്പോർട്സ് കോംപ്ലക്സിൽ ലഭ്യമായതെന്നും ഇവർ പ്രതികരിച്ചു.