ഇന്ത്യൻ ടീം സെലക്ഷൻ; ആര്‍ അശ്വിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍
ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നേരിടുന്ന ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ആര്‍ അശ്വിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഓസ്ട്രേലിയക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒഴിവാക്കാന്‍ അശ്വിന്‍ എന്ത് തെറ്റാണ് ചെയ്തെന്ന് ഗവാസ്കര്‍ ചോദിച്ചു.
കഴിഞ്ഞ ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഹാട്രിക്കുമായി ഇന്ത്യക്ക് ജയം സമ്മാനിച്ച മുഹമ്മദ് ഷമിയെ ഇന്ന് കളിപ്പിക്കാതിരുന്നതിനെയും ഗവാസ്കര്‍ വിമര്‍ശിച്ചു. കഴിഞ്ഞ തവണ കളിച്ചപ്പോള്‍ ഷമി എന്താണ് ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാം. എന്തുകൊണ്ടാണ് അവര്‍ രണ്ടുപേരെയും ഒഴിവാക്കിയത്. ടീമില്‍ നിന്ന് ഒഴിവാക്കുന്നത് അശ്വിനിപ്പോള്‍ ശീലമായിക്കാണുമെന്നും ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.
അഫ്ഗാനെതിരായ രണ്ടാം മത്സരത്തില്‍ അശ്വിന് പകരം പേസ് ഓള്‍ റൗണ്ടര്‍ ഷാര്‍ദ്ദുല്‍ താക്കൂറിനെയാണ് ഇന്ത്യ പ്ലേയിംഗ് ഇലവനിലെടുത്തത്. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ അശ്വിന്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു. ഇന്ത്യക്കതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ടോസ് നേടിയിരുന്നങ്കില്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ടോസിനുശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ മഞ്ഞു വീഴ്ച കണക്കിലെടുക്കുമ്പോള്‍ രണ്ടാമത് ബൗള്‍ ചെയ്യുക പ്രയാസകരമായിരിക്കുമെന്നും രോഹിത് പറഞ്ഞു.