ടി20യില്‍ ഡേവിഡ് മില്ലറിന് 500ന്റെ തിളക്കം; നേട്ടത്തിലെത്തുന്ന ആറാമത്തെ താരം
ടി20യില്‍ അഞ്ഞൂറ് മത്സരങ്ങള്‍ തികച്ച് ദക്ഷിണാഫ്രിക്കയുടെ മധ്യനിര ബാറ്റര്‍ ഡേവിഡ് മില്ലര്‍. ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ താരമാണ് മില്ലര്‍. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സിനെതിരായ മത്സരത്തിലാണ് ബാര്‍ബഡോസ് റോയല്‍സ് താരമായ മില്ലര്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. ടി20യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ് (684 മത്സരങ്ങള്‍), ഡ്വെയ്ന്‍ ബ്രാവോ (582 മത്സരങ്ങള്‍), പാകിസ്ഥാന്‍ ബാറ്റര്‍ ഷൊയ്ബ് മാലിക് (542 മത്സരങ്ങള്‍), വിന്‍ഡീസ് ഓള്‍റൗണ്ടര്‍മാരായ സുനില്‍ നരെയ്ന്‍ (525 മത്സരങ്ങള്‍), ആന്ദ്രെ റസല്‍ (523 മത്സരങ്ങള്‍) എന്നിവരാണ് മുന്നില്‍.
മത്സരത്തില്‍ 34 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്‌സും സഹിതം പുറത്താതെ താരം 71 റണ്‍സ് നേടി. 208.82 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 500 ടി20കളില്‍ 34.89 ശരാശരിയില്‍ ആകെ 10,678 റണ്‍സാണ് മില്ലറിന്റെ അക്കൗണ്ടിലുള്ളത്. 137-ലധികം സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ടി20യില്‍ 455 ഇങ്‌സുകളില്‍ നിന്ന് നാല് സെഞ്ച്വറികളും 48 അര്‍ദ്ധസെഞ്ച്വറികളും താരത്തിന്റെ അക്കൗണ്ടിലുണ്ട്. പുറത്താകാതെ 120 റണ്‍സ് നേടിയതാണ് ഈ ഫോര്‍മാറ്റിലെ താരത്തിന്റെ ഏറ്റവും മികച്ച സ്‌കോര്‍.