ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് സഹലിന്റെ കൂടുമാറ്റം; വൈകാരിക യാത്ര പറച്ചിലുമായി മഞ്ഞപ്പട
"ചില വിടപറയലുകൾ കഠിനമാണ്! അവൻ ഞങ്ങൾക്കുവേണ്ടി മത്സരങ്ങളേറെ ജയിച്ചവനാണ്. അവൻ ഞങ്ങളുടെ ഹൃദയം കവർന്നവനാണ്..വിഖ്യാത താരത്തിന്റെ പകരക്കാരനായി കളത്തിലെത്തിയ ആ കൊച്ചുപയ്യൻ ഇന്ന് ടീം വിടുന്നത് ഞങ്ങൾക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന വിശേഷണത്തോടെ. നന്നായി വരട്ടെ..സഹൽ" ഇതായിരുന്നു മുഹമ്മദ് സഹൽ എന്ന ബ്ലാസ്റ്റേഴ്സ് താരത്തിന്റെ കൂടുമാറ്റത്തെ കുറിച്ച് ടീമിന്റെ ഔദ്യോഗിക ഫാൻസ് ക്ലബ്ബായ മഞ്ഞപ്പടയുടെ പ്രതികരണം. സഹലിന് കേരള ബ്ലാസ്റ്റേഴ്സ് അധികൃതരും ആശംസകളറിയിച്ചു. "വളരെ ദുഃഖത്തോടെയാണ് ക്ലബ് വിട നൽകുന്നത്. മുന്നോട്ടുള്ള യാത്രയിൽ എല്ലാ നന്മകളും ആശംസിക്കുന്നു" - കേരള ബ്ലാസ്റ്റേഴ്സ് ട്വിറ്ററിൽ കുറിച്ചു. ഒരായിരം നന്ദി എന്ന കുറിപ്പോടെ സഹൽ ക്ലബിനൊപ്പമുള്ള കാലത്തെ ദൃശ്യങ്ങൾ കോർത്തിണക്കിയ വിഡിയോയും ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്കാണ് സഹൽ മോഹൻ ബഗാനിലേക്ക് പോകുന്നത്. കണ്ണൂർ സ്വദേശിയായ സഹൽ യു.എ.ഇയിലെ അൽ ഇത്തിഹാദ് ക്ലബിലൂടെയാണ് കളിച്ചുവളർന്നത്. കോളജ് വിദ്യാർഥിയായിരിക്കേ, കേരളത്തിനായി സന്തോഷ് ട്രോഫിയിൽ അരങ്ങേറിയതിന് പിന്നാലെ 2017ൽ കേരള ബ്ലാസ്റ്റേഴ്സിലെത്തുകയായിരുന്നു.