എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയ്ക്കെതിരെ റയല്‍ മാഡ്രിഡിന് ജയം; ഗോള്‍ലൈന്‍ ടെക്‌നോളജി ഇല്ലാത്തത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി
എല്‍ ക്ലാസിക്കോയില്‍ സ്വന്തം മണ്ണിൽ റയല്‍ മാഡ്രിഡിന് ജയം. ഇഞ്ചുറി ടൈമില്‍ ജൂഡ് ബെല്ലിങ്ങാം നേടിയ ഗോളില്‍ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കാണ് റയല്‍ വിജയിച്ചത്. ഇതോടെയാണ് ബാഴ്‌സയ്ക്ക് അടിത്തെറ്റിയത്. കളിക്കിടെ രണ്ടു തവണ ലീഡെടുത്ത ബാഴ്‌സയ്ക്ക് ലാ ലിഗയിലെ ഗോള്‍ ലൈന്‍ സാങ്കേതികവിദ്യയുടെ അഭാവമാണ് സമനില നഷ്ടമാകാൻ കാരണം. ഇതോടെ ബാഴ്‌സ പരിശീലകനെന്ന നിലയിലെ സാവി ഹെര്‍ണാണ്ടസിന്റെ അവസാന എല്‍ ക്ലാസിക്കോ പരാജയത്തിന്റേതായി. കളിയുടെ ആറാം മിനിറ്റില്‍ തന്നെ ക്രിസ്റ്റ്യന്‍സണിന്റെ ഗോളിലൂടെ ബാഴ്‌സ മുന്നിലെത്തി. പിന്നാലെ 17-ാം മിനിറ്റില്‍ വാസ്‌ക്വസിനെ കുബാര്‍സി ബോക്‌സില്‍ വീഴ്ത്തിയതിന് റയലിനുകൂലമായി പെനാല്‍റ്റി. കിക്ക് ലക്ഷ്യത്തിലെത്തിച്ച് വിനീഷ്യസ് ജൂനിയര്‍ റയലിനെ ഒപ്പമെത്തിച്ചു.
തുടര്‍ന്ന് 28-ാം മിനിറ്റിൽ ഗോള്‍ലൈന്‍ സാങ്കേതികവിദ്യയുടെ അഭാവത്തില്‍ ബാഴ്‌സയുടെ ഗോള്‍ നിഷേധിക്കപ്പെട്ടു. റഫീഞ്ഞ്യയുടെ ക്രോസ് ലാമിന്‍ യമാല്‍ ഫ്‌ളിക് ചെയ്തത് റയല്‍ ഗോള്‍ ലുണിന്‍ തട്ടിയകറ്റും മുമ്പ് ഗോള്‍വര കടന്നിരുന്നു. എന്നാല്‍ വാര്‍ പരിശോധിച്ച റഫറി പന്ത് ഗോള്‍വര കടന്നെന്ന് സ്ഥീരീകരിക്കാന്‍ ഉതകുന്നതരത്തില്‍ ക്യാമറ ആംഗില്‍ ലഭ്യമല്ലെന്ന കാരണത്താല്‍ ഗോള്‍ നിഷേധിക്കുകയായിരുന്നു. 69-ാം മിനിറ്റില്‍ ലാമിന്‍ യമാലിന്റെ ഷോട്ട് ലുണില്‍ തട്ടിയകറ്റിയത് ഫെര്‍മിന്‍ ലോപ്പസ് വലയിലാക്കിയതോടെ രണ്ടാം പകുതിയില്‍ ബാഴ്‌സ വീണ്ടും മുന്നിലെത്തി. 73-ാം മിനിറ്റില്‍ ലൂക്കാസ് വാസ്‌ക്വസിലൂടെ റയല്‍ വീണ്ടും ഒപ്പമെത്തി. ഒടുവില്‍ ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ തന്നെ റയല്‍ ബെല്ലിങ്ങാമിലൂടെ വിജയഗോളും നേടി. ഈ ജയത്തോടെ 32 മത്സരങ്ങളില്‍ നിന്ന് 81 പോയന്റുമായി റയല്‍ ഒന്നാം സ്ഥാനത്ത് ലീഡ് 11 പോയന്റാക്കി ഉയര്‍ത്തി. റയല്‍ മാഡ്രിഡിനും ബാഴ്‌സയ്ക്കും ആറു മത്സരങ്ങള്‍ മാത്രമാണ് ലീഗില്‍ ഇനി ബാക്കിയുള്ളത്.