പ്രീമിയർ ലീഗ് കിരീട പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്
യഥാർത്ഥത്തിൽ പ്രീമിയർ ലീഗിലെ ഫൈനൽ മത്സരമാണ് ഇന്ന് നടക്കുന്നത്. ആഴ്‌സനൽ മാഞ്ചസ്റ്റർ സിറ്റി മത്സരം പ്രീമിയർ ലീഗിലെ വിജയികളെ ഏറെക്കുറെ തീരുമാനിക്കും. രാത്രി 12:30- ന് സിറ്റിയുടെ മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ആഴ്‌സനലിന്റെ തുടർച്ചയായ സമനിലകളാണ് പ്രീമിയർ ലീഗിനെ ആവേശകരമായ അന്ത്യത്തിലേക്ക് നയിച്ചിരിക്കുന്നത്. ആഴ്‌സനലിന്റെ അവസാനത്തെ മൂന്നു മത്സരങ്ങളും സമനിലയിലാണ് കലാശിച്ചത്. ലിവപൂളിനെതിരെയും വെസ്റ്റ്ഹാമിനെതിരെയും 2-2 എന്ന സ്‌കോറിന് സമനില നേടിയ ടീം സതാംപ്ടണിനെതിരെ 90- മിനുട്ടിൽ സാക്ക നേടിയ ഗോളിൽ 3-3 എന്ന ഗോൾ നിലയിൽ രക്ഷപ്പെടുകയായിരുന്നു.
മറു വശത്ത് മാരക ഫോമിലാണ് മാഞ്ചസ്റ്റർ സിറ്റി, പ്രീമിയർ ലീഗിൽ ഈ വർഷം കളിച്ച എല്ലാ മത്സരങ്ങളിലും ഗോളുകൾ അടിച്ചു കൂട്ടിയാണ് ടീം ഇന്ന് ആഴ്‌സനലിനെ നേരിടാനൊരുങ്ങുന്നത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ചു സെമിഫൈനലിലേക്ക് മുന്നേറുവാനും മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകളും തമ്മിലെ പ്രധാന വ്യത്യാസം പരിചയക്കുറവാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ സ്‌ക്വാഡിൽ എവിടെ നോക്കിയാലും കിരീട ജേതാക്കളാണ്. കെവിൻ ഡി ബ്രൂയ്ൻ, ഇൽകൈ ഗുണ്ടോഗൻ, ബെർണാഡോ സിൽവ, റിയാദ് മഹ്റസ്, ജോൺ സ്റ്റോൺസ് എന്നിവരെല്ലാം മുമ്പ് പ്രീമിയർ ലീഗ് വിജയിച്ചിട്ടുണ്ട്. ഗാർഡിയോളയുടെ ടീമിന് പോരാട്ടം കനക്കുമ്പോൾ വിജയിക്കേണ്ടത് എങ്ങനെയെന്ന് അറിയാം. ഇംഗ്ലീഷ് ഫുട്‌ബോളിലെ ആധിപത്യം അരക്കെട്ടുറപ്പിച്ച് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് അവർ.
ആഴ്സനലിന് ഒരേ ചിന്താഗതിയുള്ള രണ്ട് മുൻ സിറ്റി താരങ്ങളുണ്ട്. ഗബ്രിയേൽ ജീസസും ഒലെക്സാണ്ടർ ഷിൻചെങ്കോയും. ഇരുവരും കിരീട പോരാട്ടത്തിന് മുമ്പ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ ബാക്കിയുള്ള ആഴ്‌സനലിലെ ഭൂരിഭാഗം താരങ്ങൾക്കും ഇവരെ പോലെ മുൻ പരിചയമില്ല. അവരുടെ ഇത്തവണത്തെ പ്രകടത്തിൽ നിർണായക സാനിധ്യമായ ബുക്കയോ സാക്ക, ഗബ്രിയേൽ മാർട്ടിനെല്ലി, മാർട്ടിൻ ഒഡെഗാർഡ് എന്നിവരൊക്കെ ആദ്യമായാണ് കിരീട പോരാട്ടത്തിന്റെ ചൂടറിയുന്നത്. മത്സരത്തിലെ സമ്മർദ്ദം കൈകാര്യം ചെയ്യപ്പെടാൻ ആഴ്സനൽ പരാജയപ്പെടുന്നത് ആൻഫീൽഡിൽ വേദനാജനകമായി പ്രകടമായിരുന്നു . പിന്നീടുളള ആഴ്ചകളിൽ നടന്ന മത്സരങ്ങളിലും ഇത്തരത്തിലുളള പ്രകടനങ്ങൾ ടീമിൽ നിന്ന് പുറത്തു വന്നിരുന്നു.
രണ്ടു പരിശീലകരുടെ തന്ത്രങ്ങളുടെ മാറ്റുരക്കൽ കൂടിയാകും ഇന്നത്തെ മത്സരം. പരിശീലക വേഷം തേച്ചു മിനുക്കാൻ മാഞ്ചസ്റ്റർ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ അർട്ടേറ്റ മൂന്ന് വർഷമാണ് ചെലവഴിച്ചത്. 2019-ൽ ആഴ്സണലിൽ ചേരുന്നതിന് മുമ്പ് ഗ്വാർഡിയോളയുടെ അസിസ്റ്റന്റായി പ്രവർത്തിക്കുമ്പോൾ തനിക്ക് കഴിയുന്നത്രയും ഗ്വാർഡിയോളയിൽ നിന്ന് പഠിച്ചെടു്ക്കാൻ അർട്ടേറ്റക്കായി. 2008-ൽ ബാഴ്സലോണയിൽ ഗാർഡിയോള ചെയ്തതുപോലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്‌സണലിനു സമ്പൂർണ്ണ ആധ്യപത്യം നേടി കൊടുക്കാൻ അർട്ടേറ്റക്ക് കഴിഞ്ഞിട്ടില്ല. ഫെബ്രുവരി 13-ന് ആഴ്സണലിന്റെ സിറ്റിയുടെ 3-1 ജയം അതിനുള്ള ശക്തമായ തെളിവുകൾ നൽകി. അർട്ടേറ്റ ടച്ച്ലൈനിന്റെ പുറത്ത് ഉടനീളം ഭ്രാന്തമായ ഒരു വ്യക്തിയെ പോലെയായിരുന്നു മത്സരം മുഴുവൻ. തന്റെ കളിക്കാർക്ക് നിർദ്ദേശങ്ങൾ ക്ഷോഭത്തിൽ നിരന്തരമായി നൽകി, കൂടാതെ ഒരു ഘട്ടത്തിൽ അപ്രതീക്ഷിതമായി ടീമിനെ മീറ്റിംഗിനും വിളിച്ചു. അതേസമയം ഗ്വാർഡിയോള ശാന്തതയുടെ മാതൃകയായിരുന്നു. ആഴ്സനൽ ആദ്യ പകുതിയിൽ മികച്ചു നിന്നു. ഇത് ഗാർഡിയോളയെ 3-2-2-3 ഫോർമേഷനിലൂടെ തന്റെ പരീക്ഷണം ഉപേക്ഷിച്ച് ഫ്‌ലാറ്റ് ബാക്ക് ഫോറിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചു, റിയാദ് മഹ്റസിനെ മാറ്റി മാന്യുവൽ അകാൻജിയെ കൊണ്ടുവന്നു. രണ്ടാം പകുതിയിൽ ആഴ്സണലിന്റെ ആക്രമണ ശക്തി തടഞ്ഞു നിർത്തി തന്ത്രപരമായ മാറ്റങ്ങൾ സിറ്റിയെ മത്സരത്തിന്റെ പൂർണ്ണ നിയന്ത്രണം നേടാനും അനുവദിച്ചു.
ഗാർഡിയോളയുടെ റെക്കോർഡ് വളരെ മികച്ചതാണ്. ഏറ്റവും വലിയ മത്സരങ്ങളിൽ വളരെ അപൂർവമായി മാത്രമേ അയാൾക്ക് തെറ്റ് പറ്റൂ, അയാളുടെ ഇൻ-ഗെയിം മാനേജ്‌മെന്റ് എന്നത്തേയും പോലെ കൗശലമുള്ളതാണ്. എന്നാൽ ഏപ്രിൽ 26 ന് മാഞ്ചസ്റ്ററിലെ തന്റെ മുൻ ആശാനോട് പ്രതികാരം ചെയ്യാൻ അർട്ടേറ്റക്ക് വീണ്ടും അവസരമുണ്ട്. എന്നാൽ ഗാർഡിയോള തനിക്ക് നേരെ വരുന്ന എന്തിനേയുെം നേരിടാൻ തയ്യാറാണ്. അതിനാലാണ് പ്രീമിയർ ലീഗിൽ സിറ്റിയെ വീണ്ടും പ്രിയങ്കരാക്കുകുന്നത്