ഇക്വഡോറിനെ വീഴ്ത്തി അർജന്റീന കോപ്പ അമേരിക്ക സെമിയിൽ ; രക്ഷകനായി എമിലിയാനോ , പെനാൽറ്റി കിക്ക് പാഴാക്കി മെസി
കോപ്പ അമേരിക്ക ക്വാർട്ടർ പോരാട്ടത്തിൽ ഇക്വഡോർ വെല്ലുവിളി മറികടന്ന് അർജന്റീന. മുഴുവൻ സമയത്ത് സമനിലയിൽ പിരിഞ്ഞ മത്സരം (1-1) പെനാൽട്ടി ഷൂട്ടൗട്ടിലാണ് അർജന്റീന പിടിച്ചത്. രണ്ട് കിക്കുകൾ തടഞ്ഞിട്ട് ലോകകപ്പിലെ അർജന്റീനയുടെ ഹീറോ എമിലിയാനോ മാർട്ടിനസ് ഒരിക്കൽ കൂടി രക്ഷക വേഷമണിഞ്ഞു. ഷൂട്ടൗട്ടിൽ സൂപ്പർ താരം ലയണൽ മെസി പെനാൽട്ടി പാഴാക്കി.
മത്സരത്തിലുടനീളം അർജന്റീനക്ക് കനത്ത വെല്ലുവിളി ഉയർത്തിയാണ് ഇക്വഡോർ കീഴടങ്ങിയത്. കളിക്കിടയിൽ സൂപ്പർ താരം എനർ വലൻസിയ പെനാൽട്ടി പാഴാക്കിയതും ചില സുവർണാവസരങ്ങൾ തുലച്ചതും ഇക്വഡോറിന് വിനയായി.
35ആം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസിലൂടെ അർജന്റീയാണ് ആദ്യം മുന്നിലെത്തിയത്. അലക്‌സിസ് മക്കലിസ്റ്ററിന്റെ അസിസ്റ്റിലാണ് ഗോൾ പിറന്നത്. 62ആം മിനിറ്റിലാണ് ഇക്വഡോറിന് അനുകൂലമായി ലഭിച്ച നിർണായക പെനാൽട്ടി എനർ വലൻസിയ പാഴാക്കിയത്. ഗോൾ മടക്കാനുള്ള ഇക്വഡോറിന്റെ ശ്രമങ്ങൾ ഇഞ്ചുറി ടൈമിൽ ഫലം കണ്ടു. 91ആം മിനിറ്റിൽ കെവിൻ റോഡ്രിഗ്വസിന്റെ മനോഹരമായൊരു ഹെഡ്ഡർ അർജന്റൈൻ വലയിൽ പതിച്ചു.
മുഴുവൻ സമയത്ത് സമനിലയിലായതോടെ കളി ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടിൽ ആദ്യ കിക്കെടുത്ത മെസ്സി പെനാൽട്ടി പാഴാക്കി. എന്നാൽ എയ്ഞ്ചൽ മെനയുടെ പെനാൽട്ടി തട്ടിയകറ്റി എമി അർജന്റീനയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. അലൻ മിൻഡയെടുത്ത അടുത്ത കിക്കും തടുത്ത് എമി ഒരിക്കൽ കൂടി അർജന്റീനയുടെ കാവൽ മാലാഖയായി. പിന്നീട് കിക്കെടുത്ത അർജന്റൈൻ താരങ്ങൾക്കൊന്നും പിഴച്ചില്ല. ഒടുവിൽ ഇക്വഡോറിനെ മറികടന്ന് അർജന്റീന സെമിയിൽസ എത്തി.