ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് തിരിച്ചടി; മുഹമ്മദ് ഷമിക്ക് ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമാകും
പരുക്കില്‍ നിന്ന് മുക്തനാവാത്ത പേസര്‍ മുഹമ്മദ് ഷമിക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരം നഷ്ടമാവും.ലോകകപ്പിന് ശേഷം പരിക്കേറ്റ മുഹമ്മദ് ഷമി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കളിച്ചിരുന്നില്ല. ഈ മാസം ഇരുപത്തിയഞ്ചിനാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര തുടങ്ങുക. രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ടിന് തുടങ്ങും. മൂന്നാം ടെസ്റ്റിന് മുന്‍പ് ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് ഷമിയുടെ പ്രതീക്ഷ.
മൂന്നാം ടെസ്റ്റിന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം വേദിയാകും. ഫെബ്രുവരി 15നാണ് മത്സരം. നാലാം ടെസ്റ്റ് 23 മുതല്‍ 27 വരെ റാഞ്ചിയില്‍ നടക്കും. മാര്‍ച്ച് 11ന് ധരംശാലയിലാണ് അഞ്ചാം ടെസ്റ്റ്. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ഇക്കഴിഞ്ഞ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൌളറായിരുന്നു മുഹമ്മദ് ഷമി. പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, ഇംഗ്ലണ്ട് എ ടീമിനെതിരെ ഇന്ത്യ എ ടീമിന്റെ അനൗദ്യോഗിക ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഈ മാസം 12 മുതല്‍ ദ്വിദിന സന്നാഹ മത്സരത്തോടെയാണ് ഇംഗ്ലണ്ട് എ ടീമിന്റെ ഇന്ത്യന്‍ പര്യടനം തുടങ്ങുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഗ്രൗണ്ട് ബിയിലാണ് ദ്വിദിന സന്നാഹമത്സരം. 17ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പ്രധാന ഗ്രൗണ്ടിലാണ് ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരം. മൂന്ന് അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ എ ടീം ഇംഗ്ലണ്ട് എ ടീമിനെതിരെ കളിക്കുക.