വെസ്റ്റ്ഇൻഡീസിനെതിരായ രണ്ടാം ടി20യിലും ഇന്ത്യ പരാജയപ്പെട്ടു

വെസ്റ്റ്ഇൻഡീസിനെതിരായ രണ്ടാം ടി20യിലും ഇന്ത്യ പരാജയപ്പെട്ടു. ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ഹർദിക് പാണ്ഡ്യയെയും സംഘത്തെയും 152/7-ന് കൂടാരം കയറ്റിയ വിൻഡീസ് 18.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. 40 പന്തുകളിൽ നാല് കൂറ്റൻ സിക്‌സും ആറ് ബൗണ്ടറികളുമടക്കം 67 റൺസുമായി നികോളാസ് പൂരാനാണ് ഇന്ത്യയെ തോൽപ്പിച്ചത്. ജയിക്കാമായിരുന്ന കളിയായിരുന്നു ഇന്ത്യ കളഞ്ഞുകുളിച്ചത്. പൂരാൻ പുറത്തായതോടെ വിൻഡീസ് ബാറ്റിങ് നിര തുടരെ പുറത്താകുന്ന കാഴ്ചയായിരുന്നു. നാലിനു 125 എന്ന ശക്തമായ നിലയിൽ നിന്നും വിൻഡീസ് എട്ടിന് 129ലേക്കു തകർന്നിരുന്നു.
16-ാമത്തെ ഓവറിൽ സ്‌കോർ 129-ൽ നിൽക്കെ എട്ടാം വിക്കറ്റായി ഷിംറോൺ ഹെത്മയറിനെ യുസ്വേന്ദ്ര ചാഹൽ എൽബിയിൽ കുരുക്കിയതോടെ ജയിച്ചു എന്ന് കരുതിയിരുന്നു ടീം ഇന്ത്യ. എന്നാൽ വാലറ്റത്ത് അകീൽ ഹുസൈനും (10 പന്തുകളിൽ 16) അൽസാരി ജോസഫും (എട്ട് പന്തുകളിൽ പത്ത്) നടത്തിയ രക്ഷാപ്രവർത്തനം വിൻഡീസിനെ രക്ഷിച്ചു. ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയ നായകൻ ഹർദിക് ബൗളിങ്ങിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നാലോവറിൽ 35 റൺസ് വഴങ്ങി മൂന്നുപേരെ പാണ്ഡ്യ പുറത്താക്കി. ചാഹൽ മൂന്നോവറിൽ 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും നേടി.