15മത് പുഷ്പോത്സവത്തെ വരവേൽക്കാൻ ഒരുങ്ങി യാംബു
15-മത് യാംബു പുഷ്പമേളയെ വരവേൽക്കാനുള്ള ഒരുക്കം പൂർത്തിയാക്കി യാംബു റോയൽ കമീഷൻ. ജനുവരി 28 മുതൽ ഫെബ്രുവരി 27 വരെയാണ് ഈ വർഷത്തെ മേള. യാംബു-ജിദ്ദ ഹൈവേയോടു ചേർന്നുള്ള ‘അൽ മുനാസബാത്ത്’ പാർക്കിലൊരുക്കുന്ന പുഷ്പമേളയുടെ വരവറിയിച്ച് നഗരത്തിന്റെ വഴിയോരങ്ങളിലും പാർക്കുകളിലും പൂക്കളുള്ള ചെടികളുടെ നടീൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
മേളയുടെ നഗരിയിലും റോഡരികുകളിലും മറ്റും പൂക്കളാൽ അലങ്കരിച്ചുകൊണ്ടിരിക്കുകയാണ. മേളയെ കുറിച്ചുള്ള വലിയ ബഹുവർണ ബോർഡുകളും എങ്ങും ഉയർന്നുകഴിഞ്ഞു. പുഷ്പനഗരിയിലേക്കുള്ള പാതയോരങ്ങളിൽ വിവിധ പൂക്കളുടെ വർണാഭമായ ചാരുതയേറിയ കാഴ്ചകൾ കാണാം. വിശാലമായ പൂപ്പരവതാനി തന്നെയായിരിക്കും ഈ വർഷത്തെയും മുഖ്യആകർഷണം.
യാംബു വ്യവസായ നഗരത്തിന്റെ സാംസ്കാരിക ഘടനക്ക് മഹത്തായ സംഭാവനകൾ നൽകാൻ ഇതിനകം പുഷ്പമേളക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ടു തവണ വിശാലമായ പുഷ്പപരവതാനിക്ക് ഗിന്നസ് വേൾഡ് റെക്കോഡുനേടിയ യാംബു പുഷ്പമേള കഴിഞ്ഞ വർഷം മൂന്നു ഗിന്നസ് റെക്കോഡുകൾ കൂടി നേടി ആഗോള ശ്രദ്ധനേടിയിരുന്നു.
പൂക്കൾ കൊണ്ടെഴുതിയ ഏറ്റവും വലിയ വാക്കിനും ഏറ്റവും വലിയ പൂക്കൊട്ടക്കും ‘റീസൈക്കിൾ’ ചെയ്ത വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ഏറ്റവും വലിയ നിർമിതിക്കുമാണ് കഴിഞ്ഞ വർഷം ഗിന്നസ് റെക്കോഡുകൾ നേടിയത്. 15മത് പുഷ്പമേളയിൽ പൂക്കളെക്കൊണ്ട് പുതുമയുള്ള നിർമിതികളും വൈവിധ്യമാർന്ന പവിലിയനുകളും ഒരുക്കുന്നതായി സംഘാടകർ ‘എക്സ്’ പോസ്റ്റിൽ അറിയിച്ചു.
‘ഭാവനക്ക് അതീതമായ കലാപരമായൊരു പ്രദർശനം കാഴ്ചവെക്കാൻ ഞങ്ങൾ പൂച്ചെടികളുടെ നടീൽ തുടങ്ങി’ എന്ന സന്ദേശം നൽകി മേള നടക്കുന്ന നഗരിയിലെ വിവിധ ദൃശ്യങ്ങൾ ‘എക്സി’ൽ പങ്കുവെച്ചിട്ടുണ്ട്.
യാംബു റോയൽ കമീഷന് കീഴിലെ പ്രത്യേക നഴ്സറികളിൽ കൃഷി ചെയ്താണ് പുഷ്പ വൈവിധ്യത്താൽ വിസ്മയം തീർക്കുന്ന മേളയിലേക്കാവശ്യമായ പൂക്കളിലധികവും എത്തിക്കുന്നത്. നഗരത്തിന്റെ സുസ്ഥിരതക്കും യാംബുവിലെ താമസക്കാർക്കും സന്ദർശകർക്കും ഉല്ലസിക്കാനും ആസ്വദിക്കാനും വിവിധ സംവിധാനങ്ങൾ മേളയിൽ ഈ വർഷവും ഉണ്ടാവും.