ലോക ഒട്ടകദിനം ; വിപുലായ ആഘോഷങ്ങൾ നടത്തി സൗദി അറേബ്യ
ലോക ഒട്ടകദിനത്തോടനുബന്ധിച്ച് സൗദിയിൽ വിവിധ ആഘോഷ പരിപാടികൾ അരങ്ങേറി. അന്താരാഷ്ട്ര ഒട്ടകദിനമായ ജൂൺ 22നാണ് ഒട്ടകങ്ങളുടെ ചരിത്രപരമായ മാനങ്ങളും അതിന്റെ പ്രവർത്തനങ്ങളും പരിചയപ്പെടുത്തുക, വൈദ്യസഹായം മെച്ചപ്പെടുത്തുക, ഭക്ഷ്യസുരക്ഷ കൈവരിക്കുക, ഒട്ടകപ്പാലും മാംസവും അനുബന്ധ ഉൽപന്നങ്ങളും വികസിപ്പിക്കുക, അവയുടെ പോഷകമൂല്യങ്ങൾ പരിചയപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് വിവിധ പരിപാടികൾ അരങ്ങേറിയത്.
‘2024’ ഒട്ടക വർഷമായാണ് സൗദി കൊണ്ടാടുന്നത്. സാംസ്കാരിക, പുരാതന പൈതൃകത്തോടുള്ള രാജ്യതാൽപര്യവും കരുതലും സ്ഥിരീകരിക്കുന്നതാണ് സൗദി സാംസ്കാരിക മന്ത്രാലയത്തിന്റെ ഈ തീരുമാനം. അതിന്റെ ഭാഗമാണ് ജൂൺ 22ലെ വിവിധ ആഘോഷ പരിപാടികൾ. അറേബ്യൻ പൈതൃകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് സൗദിയിലെ ഒട്ടകങ്ങൾ. പുരാതന കാലം മുതൽ സൗദി ജനതയുടെ ചരിത്രവുമായും ജീവിതവുമായുള്ള അടുത്ത ബന്ധം കാരണം ആധികാരികതയുടെയും പൈതൃകത്തിന്റെയും പ്രതീകമായാണ് ഒട്ടകങ്ങളെ കണക്കാക്കുന്നത്. അവ സംരക്ഷിക്കാനും പരിപാലിക്കാനും സൗദി ഭരണകൂടം വലിയ ശ്രദ്ധയും പരിചരണവുമാണ് പുലർത്തുന്നത്.
2024ലെ അന്തർദേശീയ ഒട്ടകവർഷ ഭാഗമായി ലോകമെമ്പാടും 50ലധികം പരിപാടികൾ നടത്തുമെന്ന് സൗദി അറേബ്യ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഒട്ടകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ അവയുടെ പങ്കിനെക്കുറിച്ചും പൊതുജന അവബോധം വർധിപ്പിക്കുന്നതിനൊപ്പം ഒരു പ്രധാന സാംസ്കാരിക, സാമൂഹിക, സാമ്പത്തിക പൈതൃകമെന്ന നിലയിൽ ഒട്ടകങ്ങളുടെ പദവി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണിത്.
രാജ്യത്തിന്റെ പരിസ്ഥിതിയുമായി ഒട്ടകങ്ങൾക്ക് ആഴത്തിലുള്ള ബന്ധമുണ്ടെന്ന് പരിസ്ഥിതി- ജലം- കൃഷി മന്ത്രാലയം പറഞ്ഞു. രാജ്യത്ത് രജിസ്റ്റർ ചെയ്ത ഒട്ടകങ്ങളുടെ എണ്ണം 21 ലക്ഷം കവിയും. 76,000ലധികം ഉടമകളുടെ ഉടമസ്ഥതയിലുള്ളതാണിവ. ഒരു ഒട്ടകത്തിന്റെ ശരാശരി ഭാരം 450 കിലോയാണ്. എല്ലാ മേഖലകളിലും ഒട്ടകങ്ങൾ വ്യാപകമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതിൽ 57.5 ശതമാനം റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്നും മന്ത്രാലയം പറഞ്ഞു.
അതേസമയം, രാജ്യത്തെ വിവിധ മേഖലകളിൽ ഒട്ടകങ്ങളെ സംരക്ഷിക്കുന്നതിലും അതിന്റെ പൈതൃകം നിലനിർത്തുന്നതിലും വിവിധ സംരംഭങ്ങളും സംവിധാനങ്ങളും പരിപാടികളുമുണ്ട്. അവ ഒരോ വർഷവും നടന്നുവരുന്നു. ത്വാഇഫിൽ നടക്കുന്ന ക്രൗൺ പ്രിൻസ് ഒട്ടക ഉത്സവം, റിയാദിലെ കിങ് അബ്ദുൽ അസീസ് ഒട്ടകമേള എന്നിവ ഇതിൽ പ്രധാനമാണ്. തബൂക്ക് മേഖല ഈ രംഗത്ത് ഏറെ പ്രശസ്തമാണ്. തബൂക്കിൽ ഒട്ടക ഓട്ട മത്സരങ്ങൾക്കായി ഒരു മൈതാനവുമുണ്ട്. അതിൽ നാല് ട്രാക്കുകളുണ്ട്. ആദ്യത്തേത് എട്ട് കിലോമീറ്ററും രണ്ടാമത്തേത് നാല് കിലോമീറ്ററും മൂന്നാമത്തേത് രണ്ട് കിലോമീറ്ററും നാലാമത്തേത് 1500 മീറ്ററും ദൈർഘ്യമുള്ളവയാണ്. ഇരുവശത്തും ഇരുമ്പ് വേലി കെട്ടി തിരിച്ചവയാണ് ഈ ട്രാക്കുകൾ. ഒട്ടകങ്ങളെ സേവിക്കാൻ ഒരു പ്രദേശവും ഒരുക്കിയിട്ടുണ്ട്. ട്രാക്കുകളുടെ അറ്റത്ത് ചലിക്കുന്ന ഗേറ്റുകൾ, സേവന സ്ഥാപനങ്ങൾ, പൊതുജനങ്ങൾക്കുള്ള പാർക്കിങ് എന്നീ സൗകര്യങ്ങളുമുണ്ട്.