റമദാനിലെ അവസാനത്തെ 10 ദിവസത്തേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചു; മക്കയിൽ വൻ തിരക്ക്
റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ ഉംറ തീർഥാടനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള ബുക്കിംഗ് ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തവക്കൽനാ, നുസുക്ക് ആപ്പുകൾ വഴി പെർമിറ്റുകൾക്ക് അപേക്ഷിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. ബുക്കിംഗ് സമയത്ത് ലഭിക്കുന്ന തീയതിയും സമയവും കൃത്യമായി പാലിക്കാൻ തീർഥാടകർ തയ്യാറാകണമെന്നും അധികൃതർ നിർദ്ദേശിച്ചു. തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിൻറെ ഭാഗമായാണ് ഈ നിർദ്ദേശം.
റമദാനിൽ മക്കയിലെ തീർഥാടന കേന്ദ്രങ്ങളിലുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി വൻ പദ്ധതികളാണ് അധികൃതർ നടപ്പാക്കിവരുന്നത്. റമദാനിലേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചപ്പോൾ, അവസാനത്തെ പത്ത് ദിവസങ്ങളിലേക്കുള്ള ബുക്കിംഗ് ലഭ്യമായിരുന്നില്ല. എന്നാൽ, ആദ്യ പത്ത് ദിവസങ്ങൾ പിന്നിടാനിരിക്കെ, അവസാനത്തെ പത്ത് ദിവസങ്ങളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. നേരത്തെ അവസാനത്തെ 10 ദിവസത്തേക്കുള്ള ഇഅ്തികാഫിൻറെ പെർമിറ്റിന് അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി മന്ത്രാലയം അറിയിച്ചിരുന്നു.
റമദാൻ തുടങ്ങിയതോടെ ഉംറ തീർത്ഥാകടരുടെയും സന്ദർശകരുടെയും വൻ തിരക്കാണ് മക്കയിലും മദീനയിലും അനുഭവപ്പെടുന്നത്. വിശുദ്ധ റമദാനിൽ ഉംറ ചെയ്യുന്നതിനായി വിദേശ രാജ്യങ്ങളിൽ നിന്നും സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്വദേശികളും വിദേശികളും മക്കയിലേക്ക് ഒഴുകുകയാണ്. മക്കയ്ക്ക് പുറത്ത് നിന്ന് വരുന്ന തീർഥാടകരുടെ ഉംറ പെർമിറ്റുകൾ ചെക്ക് പോസ്റ്റുകളിൽ വെച്ച് തന്നെ പരിശോധിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. പെർമിറ്റില്ലാതെ വരുന്നവരെ ഇവിടെ നിന്ന് തിരികെ അയക്കുകയാണ് ചെയ്യുന്നത്. പെർമിറ്റില്ലാതെ ഹറമിൽ പ്രവേശിച്ച് ഉംറ ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ പിടിക്കപ്പെട്ടാൽ പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.