സൗദി റോയൽ നേവിക്ക് പുതിയ മൂന്ന് യുദ്ധക്കപ്പലുകൾ
സൗദി അറേബ്യയുടെ റോയൽ നേവിക്ക് പുതിയ മൂന്ന് യുദ്ധക്കപ്പലുകൾ കൂടി. സ്പാനിഷ് പ്രതിരോധ മന്ത്രാലയവുമായി സൗദി പ്രതിരോധ മന്ത്രാലയം കരാറായി. മൂന്ന് പുതിയ ‘മൾട്ടി-മിഷൻ കോർവെറ്റ് അവാൻറോ 2200’ കപ്പലുകൾ സൗദിക്കുവേണ്ടി സ്പെയിൻ നിർമിച്ചുനൽകും. ഇതിനായി തലസ്ഥാനമായ മാഡ്രിഡിൽ നടന്ന ചടങ്ങിൽ സ്പാനിഷ് പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു. റോയൽ സൗദി നാവികസേനക്ക് വേണ്ടിയാണിത്. സൗദിയുടെ യുദ്ധക്കപ്പൽ വിപുലീകരണത്തിനുള്ള സരവാത് പദ്ധതിയുടെ ഭാഗമായാണിത്. അഞ്ച് യുദ്ധക്കപ്പലുകളുടെ നിർമാണവും നീറ്റിലിറക്കലും ചേർന്ന ആദ്യ ഘട്ടം പൂർത്തിയായ പദ്ധതിയുടെ വിപുലീകരണമായാണ് പുതിയ കരാറ്. മൂന്ന് ‘കോർവെറ്റ് അവാൻറോ 2200’ യുദ്ധക്കപ്പലുകൾ നിർമിച്ച് റോയൽ സൗദി നാവികസേനയുടെ ശേഷി വിപുലീകരിക്കുന്ന സരാവത്ത് പദ്ധതിയുടെ അടുത്ത ഘട്ടമാണിത്.
പുതിയ കരാർ ‘വിഷൻ 2030’ അനുസരിച്ച് രാജ്യത്തിന്റെ പ്രതിരോധ സംവിധാനം ശക്തമാക്കുന്നതിനും സുപ്രധാനവും തന്ത്രപരവുമായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയിലെ സമുദ്ര സുരക്ഷ ഭദ്രമാക്കുന്നതിനും ദേശീയ പ്രതിരോധ തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള നാവിക സേനയുടെ ശേഷി വർധിപ്പിക്കുന്നതിന് വലിയ പങ്കുവഹിക്കും. മൂന്ന് കപ്പലുകളുടെ നിർമാണ ഘട്ടങ്ങളിൽ സ്പാനിഷ് നാവികസേന സാങ്കേതിക പിന്തുണ നൽകും. കൂടാതെ ടെസ്റ്റിങ്ങ് ഉൾപ്പടെയുള്ള പ്രയോഗികവശങ്ങളിലെ സഹകരണവും ഉണ്ടാവും. കപ്പൽ ജീവനക്കാർക്ക് അക്കാദമിക്, പ്രായോഗിക പരിശീലനങ്ങൾ ഒരുക്കുന്നതും കരാറിലുണ്ട്.
റോയൽ സൗദി നാവികസേനയിലേക്ക് കപ്പലുകളെത്തിച്ച് ഉദ്ഘാടനത്തിനുശേഷം കപ്പൽ സഞ്ചാരം ആരംഭിക്കുമ്പോൾ പ്രവർത്തനപരവും തന്ത്രപരവുമായ പരിശീലനം നൽകുന്നതും കരാറിലുൾപ്പെടും. നേരത്തേ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ നാവിക സേനക്ക് കൈമാറിയ അഞ്ച് കപ്പലുകൾക്കുള്ള സാങ്കേതികവും യുദ്ധപരവുമായ സവിശേഷതകൾക്ക് സമാനമാണ് പുതിയ മൂന്ന് കപ്പലുകൾ. വായു, ഉപരിതല, ഭൂഗർഭ മാർഗങ്ങളിൽനിന്നുള്ള ഭീഷണികൾ നേരിടാൻ ഈ കപ്പലുകൾക്ക് ശേഷിയുണ്ട്.