ഉംറ വിസയിൽ രാജ്യത്തുള്ളവർ ജൂൺ ആറിനുള്ളിൽ രാജ്യം വിടണം ; കർശന നിർദേശവുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം
സൗദിയിലുള്ള ഉംറ വിസക്കാർ ഹജ്ജിന് മുമ്പ് രാജ്യം വിടാനുള്ള അവസാന തീയതി ജൂൺ ആറ് (ദുൽഖഅദ് 29) ആണെന്ന് ആവർത്തിച്ച് ഹജ്ജ് ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹജ്ജ് സീസണിലെ ഉംറ വിസയുടെ കാലാവധി ഈമാസം ആറിന് അവസാനിക്കുമെന്നും അതിനുശേഷം രാജ്യത്ത് താങ്ങുന്നത് ശിക്ഷാർഹമാണെന്നും അധികൃതർ ഓർമപ്പെടുത്തി. വിസയിൽ കാലാവധി ഉണ്ടെങ്കിലും ആറിനകം രാജ്യം വിടണം. ഹജ്ജിന് മുന്നോടിയായി എല്ലാവർഷവും ഏർപ്പെടുത്തുന്ന നിയന്ത്രണമാണിത്. ഹജ്ജ് മാസം തുടങ്ങുന്നതുവരെയാണ് ഉംറ വിസക്ക് കാലാവധി നൽകുന്നത്. ഉംറ വിസയിൽ മക്കയിൽ ഇപ്പോൾ പ്രവേശനം നൽകുന്നില്ല. ഉംറ വിസയിൽ വന്ന് ഹജ്ജ് നിർവഹിക്കുന്നത് ഹജ്ജ് മന്ത്രാലയം നേരത്തേതന്നെ വിലക്കുകയും നിയമലംഘനം നടത്തിയാൽ കടുത്ത ശിക്ഷ നൽകുമെന്നും പല തവണ വിവിധ പ്രാദേശിക മാധ്യമങ്ങൾ വഴിയും സമൂഹ മാധ്യമങ്ങൾ വഴിയും മുന്നറിയിപ്പ് നൽകിയിരുന്നു. ഹജ്ജ് ഉംറ ചട്ട ലംഘനം നടത്തുന്നവർക്ക് ആറുമാസം വരെ തടവ് ശിക്ഷയും 25,000 സൗദി റിയാൽ വരെ പിഴയും ചുമത്തുമെന്നും നിയമലംഘനം നടത്തിയവരുടെ വിരലടയാളമെടുത്ത് പിന്നീട് സൗദിയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധത്തിൽ വിലക്കും ഏർപ്പെടുത്തുമെന്നും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകി.
ഹജ്ജ് കർമങ്ങൾ അവസാനിച്ച് സാധാരണ ഗതിയിൽ മുഹർറം ഒന്നിനാണ് പുതിയ ഉംറ തീർഥാടകർക്ക് സൗദി ഉംറ വിസ അനുവദിക്കാറുള്ളത്. ഉംറ വിസയിൽ വന്ന് സൗദിയിൽ തങ്ങുന്ന നിരവധി കേസുകൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. വിദേശത്തുനിന്ന് ഉംറ വിസയിലെത്തിയ തീർഥാടകർ നിശ്ചിത സമയത്തിനുള്ളിൽ രാജ്യം വിട്ടില്ലെങ്കിൽ അവരെ കൊണ്ടുവന്ന ഉംറ സർവിസ് കമ്പനികൾ 24 മണിക്കൂറിനുള്ളിൽ ഹജ്ജ് ഉംറ മന്ത്രാലയത്തെ അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്. ഉംറ കമ്പനികൾ ഈ വ്യവസ്ഥ ലംഘിക്കുന്നതും ശിക്ഷാർഹമാണ്. ഉംറ സർവിസ് കമ്പനികൾക്ക് കീഴിൽ വന്ന തീർഥാടകർ മടങ്ങിയിട്ടില്ലെങ്കിൽ ഉടൻ സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ‘നുസ്ക്’ ഹജ്ജ് പ്ലാറ്റ് ഫോം വഴി വിവരം നൽകാനാണ് നിർദേശം.
നിയമ വിരുദ്ധരായ താമസക്കാർക്കായി മക്കയിലും പരിസര പ്രദേശങ്ങളിലും നിരീക്ഷണങ്ങളും റെയ്ഡുകളും അധികൃതർ ശക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് നിയമലംഘകരെയാണ് സൗദി സുരക്ഷ വിഭാഗം പിടികൂടുന്നത്. ഈ വർഷം ഹജ്ജ് തീർഥാടനത്തിന് എത്തുന്നവർക്ക് ഹജ്ജ് ഉംറ മന്ത്രാലയം ‘നുസ്ക് തീർഥാടകകാർഡ്’ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് എളുപ്പമാക്കാനും നിയമവിരുദ്ധ സംഭവങ്ങൾ കുറക്കാനുമാണ് കാർഡ് സംവിധാനം നടപ്പാക്കുക വഴി അധികൃതർ ലക്ഷ്യമിട്ടത്. ഹാജിമാർ നിർബന്ധമായും മന്ത്രാലയം നൽകുന്ന ‘നുസ്ക് കാർഡ്’ ഹജ്ജ് കാലയളവിൽ കരുതേണ്ടതാണ്. മക്കയിലും മദീനയിലുമുള്ള ഇരു ഹറമുകളിൽ പ്രവേശിക്കുമ്പോഴും മിന, അറഫ, മുസ്തലിഫ, ജംറ തുടങ്ങിയ പുണ്യസ്ഥലങ്ങൾക്കുള്ളിൽ സഞ്ചരിക്കുമ്പോഴും കാർഡ് കരുതേണ്ടത് നിർബന്ധമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ഊന്നിപ്പറഞ്ഞു.