സൗദിയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയെത്തും; മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്
സൗദിയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ മാറുന്നതിന്റെ ഭാഗമായി ശനിയാഴ്ചവരെ സൗദിയുടെ മിക്കയിടങ്ങളിലും മഴയെത്തും. മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
ശനിയാഴ്ചവരെ രാജ്യത്തിൻറെ മിക്കയിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയും കാറ്റുമെത്തും. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ, നജ്‌റാൻ, ബാഹ, അസീർ, ജിസാൻ, മദീന, ഖസീം, ഹാഇൽ തുടങ്ങിയ പ്രവിശ്യകളിൽ ഇത് ഏറിയും കുറഞ്ഞും എത്തും. മക്കയിലെ ത്വാഇഫ് മുതൽ അൽബഹ വരെ നീളുന്ന മേഖലയിൽ ഇടത്തരം മുതൽ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്.
മഴ തുടരുന്നതിനാൽ നദികളിലും, വെള്ളച്ചാട്ടങ്ങളിലും നീരൊഴുക്ക് വർദ്ധിക്കാനിടയുള്ള സ്ഥലങ്ങളിലേക്കും പോകരുത്. മഴ കനക്കുന്നതോടെ റോഡുകളിൽ തിരക്കേറാനും സാധ്യതയുണ്ട്. ഇതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. സമുദ്ര താപനില ഉയരുന്നതാണ് മഴ വർധിക്കാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്