തൊഴിൽ വിപണിയിൽ സൗദി അറേബ്യയ്ക്ക് വലിയ പുരോഗതിയെന്ന് മാനവ വിഭവശേഷി , സാമൂഹിക വികസന മന്ത്രി
തൊഴിൽ വിപണിയിൽ സൗദി അറേബ്യ വലിയ പുരോഗതി കൈവരിച്ചതായും ‘വിഷൻ 2030’ സമഗ്രവികസന പദ്ധതിയാണ് ഇതിന് സഹായിച്ചതെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി പറഞ്ഞു.
യുവാക്കൾക്ക് തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതിനുള്ള സുസ്ഥിരത കൈവരിക്കുന്നതിന് വിഷൻ സഹായിച്ചു. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനം കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി യുവജന വികസനത്തിനുള്ള ദേശീയ പദ്ധതി ഈ വർഷം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. റിയാദ് ആതിഥേയത്വം വഹിച്ച ‘ഗ്ലോബൽ ലേബർ മാർക്കറ്റ്’ സമ്മേളനത്തിലെ മന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കൾക്കിടയിൽ നേതൃപാടവും നൂതന കഴിവുകളും വികസിപ്പിക്കുന്നതിനുള്ള പരിപാടികൾ ഈ തന്ത്രത്തിൽ ഉൾപ്പെടുന്നു. സ്വയം തൊഴിൽ വളരുന്ന തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്നു. ഈ വർഷം സ്വയം തൊഴിൽ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 22 ലക്ഷമായി ഉയർന്നു.
ഈ അന്താരാഷ്ട്ര സമ്മേളനം ലോക രാജ്യങ്ങൾ തമ്മിലെ സംവാദത്തിനുള്ള ഒരു വേദിയാണ്. ലോകമെമ്പാടും സ്വീകരിക്കാനും വിപുലീകരിക്കാനും കഴിയുന്ന തന്ത്രങ്ങളും നയങ്ങളും വികസിപ്പിക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്താനുള്ള ഇടവുമാകും.ഭാവിയുടെ വാഗ്ദാനങ്ങളായ യുവാക്കളെയും യുവതികളെയും സംബന്ധിച്ച വ്യക്തമായ ശ്രദ്ധയുണ്ടെന്നും മന്ത്രി പറഞ്ഞു.