സൗദിയിൽ ആദ്യമായി എയർ ടാക്സി പരീക്ഷണം വിജയകരമായി പൂർത്തിയാക്കി
സൗദിയിൽ ആദ്യമായി എയർ ടാക്സി പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. നിയോമും വോളോകോപ്റ്റർ കമ്പനിയും ചേർന്നാണ് പരീക്ഷണ പറക്കൽ പൂർത്തിയാക്കിയത്. വ്യോമയാന മേഖലയുടെ പ്രയാണത്തിലെ സുപ്രധാന വഴിത്തിരിവാകും ഇതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. നിയോം കമ്പനിയും സിവിൽ ഏവിയേഷൻ അതോറിറ്റിയും, വോളോകോപ്റ്റർ കമ്പനിയും തമ്മിലുള്ള 18 മാസം നീണ്ട സഹകരണത്തിനു ശേഷമാണ് എയർ ടാക്‌സിയുടെ പരീക്ഷണ പറക്കൽ സംഘടിപ്പിച്ചത്. പരീക്ഷണം ഒരാഴ്ച നീണ്ട് നിന്നു. പ്രത്യേക ലൈസൻസ് നേടിയാണ് എയർ ടാക്സി പരീക്ഷിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് നിയോമും വോളോകോപ്റ്റർ കമ്പനിയും അറിയിച്ചു.
ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിംഗ് അഥവാ ഇ-വിറ്റോൾ ആണ് എയർ ടാക്സി സേവനത്തിന് പ്രയോജനപ്പടുത്തുന്നത്. ഇ-വിറ്റോൾ വാഹനങ്ങളുടെ സുരക്ഷിതമായ പരീക്ഷണ പറക്കലിന്റെ വിജയം സൗദി വ്യോമയാന മേഖലയുടെ പ്രയാണത്തിലെ സുപ്രധാന വഴിത്തിരിവാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുഅയ്ലിജ് പറഞ്ഞു.
സൗദിയിലെ പ്രാദേശിക അന്തരീക്ഷത്തിനും വ്യത്യസ്ത കാലാവസ്ഥക്കും അനുയോജ്യമാകും വിധമാണ് വോളോകോപ്റ്റർ വാഹനങ്ങൾ തയ്യാറാക്കിയത്. പൈലറ്റില്ലാ വിമാനങ്ങളുടെ ട്രാഫിക് സംവിധാനവുമായുള്ള സഹകരണത്തിലൂടെയാണ് ഇവയുടെ പരീക്ഷണം വിജയകരമായത്.