ഇത്തവണത്തെ ഹജ്ജ് കുറ്റമറ്റതാക്കാൻ രാജ്യത്തിന്റെ മുഴുവൻ ശേഷിയും ഉപയോഗിച്ചു ; സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
ഹജ്ജ് തീർഥാടകർക്ക് ഏറ്റവും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിന് രാജ്യം മുഴുവൻ ശേഷിയും സംവിധാനങ്ങളും ഉപയോഗിച്ചതായി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ അധ്യക്ഷനായി നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഹജ്ജ് സീസണിൽ തീർഥാടകർക്ക് സുഖവും സുരക്ഷിതത്വവും കൈവരിക്കുന്നതിന് എല്ലാം കാര്യങ്ങളും ഒരുക്കുകയുണ്ടായി. തീർഥാടകർക്ക് സുഗമവും ആശ്വാസത്തോടെയും അവരുടെ കർമങ്ങൾ അനുഷ്ഠിക്കുന്നതിനും പൂർത്തിയാക്കുന്നതിനും നടത്തിയ പരിശ്രമങ്ങൾക്കും വിശിഷ്ട പ്രവർത്തനങ്ങൾക്കും എന്റെ അഭിനന്ദനം അറിയിക്കുന്നുവെന്നും കിരീടാവകാശി പറഞ്ഞു.
14 സ്പോർട്സ് ക്ലബുകൾ അനുവദിക്കുന്നതിനുള്ള പ്രോജക്ട് ഡോക്യുമെൻറിന് മന്ത്രിസഭ അംഗീകാരം നൽകി. സ്പോർട്സ് മേഖലയിലെ സ്വകാര്യവത്കരണ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു. സ്പോർട്സ് ക്ലബുകൾക്ക് വിവിധ ഗ്രേഡുകളായി തിരിച്ച് അനുമതി നൽകുന്നതിനുള്ള അധികാരം സൂപ്പർവൈസറി കമ്മിറ്റിക്ക് നൽകി. പ്രഫഷനൽ ക്ലബ്, ഫസ്റ്റ്, സെക്കൻഡ്, തേർഡ്, ഫോർത്ത് എന്നീ ഗ്രേഡുകളിലാണ് ക്ലബുകൾക്ക് അനുമതി നൽകുക.
ജഫൂറ വാതകപ്പാടം വികസനപദ്ധതിയുടെ രണ്ടാംഘട്ടത്തിനും രാജ്യത്തെ പ്രധാന ഗ്യാസ് നെറ്റ്വർക്ക് വിപുലീകരണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിനും കരാർ നൽകുന്നത് തുടർച്ചയായ വികസനത്തിന്റെയും സാമ്പത്തിക വൈവിധ്യവത്കരണ ശ്രമങ്ങളുടെയും പശ്ചാത്തലത്തിലാണെന്ന് മന്ത്രിസഭ സ്ഥിരീകരിച്ചു. രാജ്യം ആസ്വദിക്കുന്ന നേട്ടങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും ആഗോള ഊർജ വിപണിയിൽ അതിന്റെ നേതൃസ്ഥാനം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണിത്.
പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്കായി പുതിയ സാമൂഹിക ഇൻഷുറൻസ് സംവിധാനത്തിനും മന്ത്രിസഭ അംഗീകാരം നൽകി. നിയമാനുസൃത വിരമിക്കൽ പ്രായം, ചില വിഭാഗങ്ങൾക്കുള്ള പെൻഷൻ അർഹതക്കുള്ള യോഗ്യത കാലയളവ് എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഒഴികെ, സിവിൽ റിട്ടയർമെൻറ്, സോഷ്യൽ ഇൻഷുറൻസ് സംവിധാനങ്ങളിലെ വ്യവസ്ഥകൾ നിലവിലെ വരിക്കാർക്ക് ബാധകമായി തുടരുമെന്ന തീരുമാനം മന്ത്രിസഭ ചൂണ്ടിക്കാട്ടി.