ഉപയോഗിച്ച വസ്തുക്കള്‍ സൗദിയിലേക്ക് കൊണ്ടുവരാൻ നികുതിയിളവ്
സ്വകാര്യ ആവശ്യത്തിന് കൊണ്ടുവരുന്നതും ഉപയോഗിച്ചതുമായ വസ്തുക്കള്‍ക്ക് കസ്റ്റംസ് നികുതിയില്‍ ഇളവ് ലഭിക്കുമെന്ന് സൗദി കസ്റ്റംസ് ആന്റ് സകാത്ത് അതോറിറ്റി. ആറ് മാസത്തില്‍ കൂടുതല്‍ കാലം വിദേശത്ത് തങ്ങിയ സ്വദേശികള്‍ക്കും പുതുതായി രാജ്യത്തേക്ക് എത്തുന്ന വിദേശികള്‍ക്കും ഇളവ് ലഭ്യമാകും. കൃത്യമായ ഡോക്യുമെന്റുകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് മാത്രമാകും ഇളവ് ലഭിക്കുക.
വ്യക്തിഗത ആവശ്യത്തിനുള്ളതും ഉപയോഗിച്ചതുമായ വീട്ടുപകരണങ്ങള്‍ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാണ് നികുതി ഇളവ്. നികുതിയിളവിന് പുറമേ കസ്റ്റംസ് നടപടികളില്‍ നിന്നും ഒഴിവ് നല്‍കും. വ്യോമ- കര- നാവിക അതിര്‍ത്തികള്‍ വഴിയെത്തുന്ന വസ്തുക്കള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
വിദേശത്ത് കഴിഞ്ഞതിന്റെ രേഖകള്‍, പുതതായി രാജ്യത്ത് താമസിക്കുന്നതിന് നേടിയ വിസ രേഖകള്‍ ഒപ്പം താമസ ഇടവുമായി ബന്ധപ്പെട്ട രേഖകള്‍, സര്‍ക്കാര്‍ തലത്തിലെ വകുപ്പ് മേധാവികള്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ എന്നിവ ഇതിനായി ഹാജരാക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.