വേനൽ തുടങ്ങാൻ അഞ്ച് ദിവസം മാത്രം
വസന്തകാലം അവസാനിക്കാൻ അഞ്ച് ദിവസം മാത്രം ബാക്കിയെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ (എൻ.സി.എം) കാലാവസ്ഥ നിരീക്ഷകൻ അഖീൽ അൽ-അഖീൽ വ്യക്തമാക്കി. മഴ അവസാനിച്ച് അഞ്ചു ദിവസങ്ങൾക്ക് ശേഷം രാജ്യം പൂർണമായി വേനലിലേക്ക് പ്രവേശിക്കും.
വസന്തത്തിന്റെ അവസാനമെന്നോണം സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വെള്ളിയാഴ്ച മുതൽ മഴയും ഇടിമിന്നലുമുണ്ട്. മഴയുടെ ഭൂരിഭാഗവും ഉയർന്ന പ്രദേശങ്ങളിൽ കേന്ദ്രീകരിക്കുമെന്ന് അൽ-അഖീൽ പറഞ്ഞു. മഴക്കാലത്ത് എല്ലാവരോടും സുരക്ഷിതമായ സ്ഥലത്ത് തങ്ങാനും തങ്ങളുടെ പ്ലാറ്റ്ഫോമുകളിലൂടെ പ്രഖ്യാപിച്ച നിർദേശങ്ങൾ പാലിക്കാനും സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തിരിക്കുന്നത് ശ്രദ്ധേയമാണ്. തോടുകൾ കൂട്ടംകൂടുന്ന സ്ഥലങ്ങളിലേക്ക് ആളുകൾ അടുക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അപകടസാധ്യതയുള്ളതിനാൽ വെള്ളക്കെട്ടുകളിൽ നീന്തരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, കിഴക്കൻ മേഖലയിൽ മഴയുടെ സാന്നിധ്യമുണ്ടായില്ല.