ജിദ്ദ വിമാനത്താവളത്തിൽ ട്രാൻസിറ്റ് യാത്രക്കാർക്ക് പ്രത്യേക ഏരിയ
കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ട്രാൻസിറ്റ് യാത്രക്കാർക്കായി പ്രത്യേക ഏരിയ ആരംഭിച്ചു. ജിദ്ദ വിമാനത്താവളം വഴി ഭൂഖണ്ഡങ്ങൾക്കിടയിൽ വ്യോമഗതാഗതം നിരന്തര വളർച്ച കൈവരിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളം വഴി അന്താരാഷ്ട്ര യാത്ര നടത്താനെത്തുന്നവരെ സ്വീകരിക്കാനാണ് ട്രാൻസിറ്റ് ഏരിയ ആരംഭിച്ചത്. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും മികച്ച സേവനം നൽകുന്നതിന് അനുയോജ്യമായ എല്ലാ ഘടകങ്ങളും അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കുന്നതിനും നടപ്പാക്കുന്ന നിരവധി പദ്ധതികളുടെ ഭാഗമായാണിത്.
ഗതാഗതത്തിനും ലോജിസ്റ്റിക്സിനുമുള്ള ദേശീയ തന്ത്രത്തിന്റെയും 'വിഷൻ 2030'ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള വിപുലീകരണമാണ് പുതിയ ട്രാൻസിറ്റ് ഏരിയ എന്ന് ജിദ്ദ വിമാനത്താവള സി.ഇ.ഒ അയ്മൻ ബിൻ അബ്ദുൽ അസീസ് പറഞ്ഞു. ജിദ്ദ വിമാനത്താവളം വഴി രാജ്യത്തേക്ക് എത്തിച്ചേരുന്ന യാത്രക്കാരുടെ എണ്ണത്തിലുളള വർധനവുമായി ഒത്തുപോകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ട്രാൻസിറ്റ് യാത്രക്കാരുടെ ലക്ഷ്യം കൈവരിക്കുന്നതിന് ഇത് സഹായിക്കും. 2030ഓടെ യാത്രക്കാരുടെ എണ്ണം 1.5 കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനത്തേക്കും മണിക്കൂറിൽ 1,400 യാത്രക്കാർ വരെയുണ്ടാകും. പുതിയ ട്രാൻസിറ്റ് ഏരിയ യാത്രക്കാരെ ഉൾക്കൊള്ളുന്ന ശേഷി ഇരട്ടിയാക്കുമെന്നും സി.ഇ.ഒ പറഞ്ഞു.
യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് 10 പ്ലാറ്റ്ഫോമുകളും അഞ്ച് സുരക്ഷ പരിശോധന ഉപകരണങ്ങളും ട്രാൻസിറ്റ് ഏരിയയിലുണ്ട്. വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാർക്ക് സുഖപ്രദമായ യാത്രാനുഭവം നൽകുന്നതിനാണിത്. ജിദ്ദ വിമാനത്താവളത്തിനെ ലോകത്തെ ഏറ്റവും മികച്ച ഒന്നാക്കി മാറ്റുന്ന ഉപകരണങ്ങളുടെയും സേവനങ്ങളുടെയും ഒരു പാക്കേജ് സൃഷ്ടിക്കുന്നതിനുള്ള വ്യതിരിക്തമായ കൂട്ടിച്ചേർക്കലാണ് ഇത്. സൽമാൻ രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരിൽനിന്ന് ഗതാഗത മേഖലക്ക് പ്രത്യേകിച്ച് വിമാനത്താവളങ്ങൾക്ക് ലഭിക്കുന്ന തുടർച്ചയായ പിന്തുണയുടെയും പരിധിയില്ലാത്ത താൽപ്പര്യത്തിന്റെയും വിപുലീകരണമാണിത്. ഈ സേവനം ട്രാൻസിറ്റ് ട്രാഫിക്കിൽ നിന്നുള്ള വരുമാനം വികസിപ്പിക്കുന്നതിലുള്ള വിമാനത്താവളത്തിന്റെ പങ്ക് വർധിപ്പിക്കുമെന്നും സി.ഇ.ഒ പറഞ്ഞു. വ്യതിരിക്ത ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന വിമാനത്താവളമായി ജിദ്ദ വിമാനത്താവളത്തെ കണക്കാക്കുന്നു. അന്താരാഷ്ട്ര വിമാനങ്ങളുടെ ഒരു വലിയ ശൃംഖലയുമായുള്ള ബന്ധത്തിന് പുറമേയാണിതെന്നും സി.ഇ.ഒ പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ സൗദി ഗ്രൗണ്ട് സർവിസസ് കമ്പനി സി.ഇ.ഒ റാഇദ് അൽ ഇദ്‌രീസി, വിമാനത്താവള പാസ്പോർട്ട് ഡയറക്ടർ കേണൽ മാഹിർ അൽ മസ്ഊദ്, വിമാനത്താവള രഹസ്യാന്വേഷണ ഡയറക്ടർ കേണൽ നാസ്വിർ അൽഹരീതി, സൗദിയ ഗ്രൗണ്ട് ഓപറേഷൻസ് വൈസ് പ്രസിഡൻറ് ഡോ. ഹാനി അൽ ഹാത്‌റഷ, വിമാനത്താവള ഓപറേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ഇബ്രാഹിം അൽ രിഫായി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.