ഗാസ്സയിലെ ജനങ്ങൾക്കുള്ള സൗദിയുടെ നാലാംഘട്ട സഹായവും ഈജിപ്തിലെത്തി
യുദ്ധക്കെടുതി അനുഭവിക്കുന്ന ഗാസ്സയിലെ ജനങ്ങൾക്കുള്ള സൗദിയുടെ നാലാം ഘട്ട സഹായവും ഈജിപ്തിലെത്തി. മുപ്പത്തിയഞ്ച് ടൺ വസ്തുക്കളുമായാണ് വിമാനം ഈജിപ്തിലെത്തിയത്. ഇതിനകം ഈജിപ്തിലെത്തിച്ച ആദ്യഘട്ട സഹായങ്ങളിലെ വസ്തുക്കൾ പലസ്തീനിലേക്കെത്തിക്കുന്നതിനായി റഫാ അതിർത്തിയിലേക്കെത്തിച്ചതായി കിംഗ് സൽമാൻ റിലീഫ് സെന്റർ അറിയിച്ചു.
ഇസ്രായേൽ ആക്രമണത്തിൽ കൊടിയ ദുരിതമനുഭവിക്കുന്ന ഗാസ്സയിലെ സാധാരണക്കാരായ ജനങ്ങൾക്കുള്ള സൗദിയുടെ സഹായം തുടരുകയാണ്. നാലാം ഘട്ട സഹായവുമായി സൗദിയുടെ വിമാനം ഈജിപ്തിലെ അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തിയത്. അവശ്യ സാധനങ്ങളായ ഭക്ഷ്യ ഉൽപന്നങ്ങൾ, താൽക്കാലിക പാർപ്പിട സൗകര്യങ്ങൾ, മരുന്നുകൾ എന്നിവ അടങ്ങുന്നതാണ് സഹായം.
35 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് നാലാം ഘട്ടത്തിൽ വിതരണത്തിനായി അയച്ചത്. വിമാനത്താവളത്തിലെത്തിച്ച ഉൽപന്നങ്ങൾ ദുരിത മുഖത്തുള്ള ആളുകൾക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. ഇതിനിടെ പലസ്തീനായി സൗദിയിൽ ആരംഭിച്ച പബ്ലിക് ഫണ്ട് ശേഖരണത്തിലേക്ക് നിലക്കാത്ത പ്രവാഹം തുടരുകയാണ്. സാഹിം പ്ലാറ്റ്ഫോം വഴിയുള്ള ധനസമാഹരണം 463 ദശലക്ഷം റിയാൽ പിന്നിട്ടു.