ഭിന്നശേഷിക്കാരുടെ വാഹന പാർക്കിങ്; പുതിയ നിബന്ധനകൾ പുറത്തിറക്കി സൗദി
ഭിന്നശേഷിക്കാരുടെ വാഹന പാർക്കിങ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിബന്ധനകൾ പുറത്തിറക്കി സൗദി അറേബ്യ. നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ കടുത്ത പിഴ ഈടാക്കുമെന്നും സൗദി റോഡ് കോഡ് മുന്നറിയിപ്പ് നൽകി. ഭിന്നശേഷിക്കാരുടെ സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധനകൾ. വ്യക്തമായ അടയാളങ്ങൾ ഉപയോഗിച്ച് പാർക്കിംഗ് സ്ഥലങ്ങൾ അടയാളപ്പെടുത്തിയിരിക്കണം.
സ്ഥാപനങ്ങളിലേക്ക് വേഗത്തിൽ കയറാൻ കഴിയും വിധം പ്രധാന പ്രവേശന കവാടത്തിന് തൊട്ടടുത്തായി പാർക്കിംഗ് ഒരുക്കണം. എലിവേറ്റർ സൗകര്യം വേഗത്തിൽ ലഭിക്കും വിധമാണ് പാർക്കിംഗ് ഒരുക്കേണ്ടത്. റോഡുകളിലും പാർക്കിംഗ് സ്ഥലങ്ങളിലും മതിയായ വെളിച്ചവും മാർഗ നിർദ്ദേശ ബോഡുകളും സ്ഥാപിച്ചിരിക്കണം തുടങ്ങി നിരവധി നിബന്ധനകളാണ് പുറത്തിറക്കിയത്.
ഭിന്നശേഷിക്കാരുടെ സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റോഡുകളെ കേന്ദ്രീകരിച്ചും പുതിയ മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഇതിനായി ഏകീകൃത മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. റോഡ് കോഡ് മന്ത്രാലയങ്ങൾ, നഗര വികസന ഏജൻസികൾ, പ്രാദേശിക സെക്രട്ടേറിയറ്റുകൾ, നഗര, ഗവർണറേറ്റ് മുനിസിപ്പാലിറ്റികൾ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നത്. നിബന്ധനകൾ പാലിക്കാത്തവരിൽനിന്ന് കടുത്ത പിഴ ഈടാക്കുമെന്നും സൗദി റോഡ് കോഡ് മുന്നറിയിപ്പ് നൽകി.