ആകാശ എയറിന് സൗദി അനുമതി; ജൂൺ എട്ട് മുതൽ സർവീസ് ആരംഭിക്കും
ഇന്ത്യൻ വിമാന കമ്പനിയായ ആകാശ എയർ സൗദിക്കും ഇന്ത്യക്കുമിടയിൽ ജൂൺ എട്ടു മുതൽ സർവീസ് ആരംഭിക്കും. ഇരുരാജ്യങ്ങൾക്കുമിടയിൽ സ്ഥിരമായി സർവീസ് ആരംഭിക്കാൻ അനുമതി നൽകിയതായി സൗദി വ്യോമയാന അതോറിറ്റി വ്യക്തമാക്കി. എയർ കണക്ടിവിറ്റി വർധിപ്പിക്കുന്നതിനും സൗദിയും ലോകവും തമ്മിലുള്ള വ്യോമ ബന്ധം വർധിപ്പിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ തുടർച്ചയാണിത്. അതോടൊപ്പം സൗദിയെ ഒരു ആഗോള ലോജിസ്റ്റിക് പ്ലാറ്റ്ഫോമാക്കി മാറ്റുക എന്ന വിഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണ്. ജൂൺ എട്ട് മുതൽ അഹമ്മദാബാദ്- ജിദ്ദ, മുംബൈ-ജിദ്ദ വിമാനത്താവളങ്ങൾക്കിടയിൽ പ്രതിവാര 14 സർവീസുകളുണ്ടാകും. ജൂലൈ നാലിന് ആരംഭിക്കുന്ന സർവീസുകളിൽ മുംബൈയിൽ നിന്ന് റിയാദിലേക്കുള്ള എഴ് പ്രതിവാര വിമാനങ്ങളും ഉൾപ്പെടുമെന്നും വ്യോമയാന അതോറിറ്റി അറിയിച്ചു.