സൽമാൻ രാജാവിന്റെ ഉപഹാരമായി 10 ലക്ഷം ഖുർആൻ
റമദാനോടനുബന്ധിച്ച് സൽമാൻ രാജാവിന്റെ ഉപഹാരമായി ലോകത്തെ വിവിധ രാജ്യങ്ങൾക്ക് 10 ലക്ഷത്തിലധികം ഖുർആൻ പ്രതികൾ അയക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിൻറിങ് സമുച്ചയത്തിൽ അച്ചടിച്ചവയാണിത്. 76 ഭാഷകളിലുള്ള ഖുർആൻ പരിഭാഷകളാണ് 22 രാജ്യങ്ങളിലേക്ക് അയക്കുന്നത്.
ഓരോ വർഷവും റമദാനോടനുബന്ധിച്ച് സൽമാൻ രാജാവിന്റെ ഉപഹാരമായി വിവിധ രാജ്യങ്ങളിലേക്ക് ഖുർആൻ പ്രതികൾ അയക്കുക പതിവാണ്. ഹജ്ജ് നിർവഹിച്ച് തിരിച്ചുപോകുന്ന ഓരോ തീർഥാടകനും ഖുർആൻ വിതരണം ചെയ്യാറുണ്ട്. ഇങ്ങനെ ദശലക്ഷക്കണക്കിന് ഖുർആൻ പ്രതികളാണ് ഓരോ വർഷവും സൗദി അറേബ്യ വിതരണം ചെയ്തുവരുന്നത്.
ഈ വർഷം റമദാനോടനുബന്ധിച്ച് വിവിധ രാജ്യങ്ങൾക്ക് ഖുർആൻ പ്രതികളും പരിഭാഷകളും അയക്കുന്ന ഉദ്ഘാടന ചടങ്ങിന് മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് സാക്ഷിയായി. കിങ് ഫഹദ് ഖുർആൻ പ്രിൻറിങ് സമുച്ചയത്തിലെ സന്ദർശന വേളയിൽ സമുച്ചയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആധുനിക സാങ്കേതിക പദ്ധതികളിലൊന്നായ 'റഷ്ദ്' ആപ്ലിക്കേഷന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കൂടാതെ ഖുർആൻ അച്ചടിക്കുന്നതിന് ഇഹ്‌സാൻ പ്ലാറ്റ്‌ഫോമുമായും ലോകരാജ്യങ്ങളിലേക്ക് ഖുർആൻ അയക്കുന്നതിന് സൗദി പോസ്റ്റുമായും കരാറിൽ ഒപ്പുവെച്ചു. 5000 പേർക്ക് ഒരുക്കിയ സന്ദർശന പാതകളും സൗകര്യങ്ങളും മന്ത്രി കണ്ടു.