സൗദിയിൽ ഉംറ തീർത്ഥാടകർക്കുള്ള നിർബന്ധിത ഇൻഷുറൻസ് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി
വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്കുള്ള നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് സംബന്ധിച്ച് സൗദി ഹജ്ജ് മന്ത്രാലയം ഒരു അറിയിപ്പ് പുറത്തിറക്കി. 2023 ജൂലൈ 23-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഉംറ അനുഷ്ഠിക്കുന്നതിനായെത്തുന്ന മുഴുവൻ അന്താരാഷ്ട്ര തീർത്ഥാടകർക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഓരോ തീർത്ഥാടകനിൽ നിന്നും ഇൻഷുറൻസ് ഇനത്തിൽ 87.4 റിയാലാണ് ഈടാക്കുന്നത്. ഈ തുക ഉംറ വിസ ഫീസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ ഇൻഷുറൻസ്, തീർത്ഥാടകർക്ക് ഒരു ലക്ഷം റിയാൽ വരെയുള്ള പരിരക്ഷ നൽകുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
അടിയന്തിര മെഡിക്കൽ സാഹചര്യങ്ങൾ, പെട്ടന്നുള്ള COVID-19 രോഗബാധ, അപകടങ്ങൾ, മരണങ്ങൾ, ഫ്‌ലൈറ്റ് ക്യാൻസലേഷൻ മുതലായവ ഈ ഇൻഷുറൻസിന്റെ പരിധിയിൽ വരുന്നതാണ്. ഈ ഇൻഷുറൻസ് പരിരക്ഷ തീർത്ഥാടകർ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന തീയതി മുതൽ 90 ദിവസത്തേക്കാണ് ബാധകം. സൗദി അറേബ്യയ്ക്ക് അകത്ത് മാത്രമാണ് ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്.
ഈ ഇൻഷുറൻസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിന് 8004400008 (പ്രാദേശികം), 00966138129700 (ഇന്റർനാഷണൽ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. https://www.riaya-ksa.com/ എന്ന വെബ്സൈറ്റിൽ നിന്നും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്. വിദേശ ഉംറ തീർത്ഥാടകരുടെ സമഗ്ര ഇൻഷുറൻസ് തുകയിൽ അറുപത്തിമൂന്ന് ശതമാനം കുറവ് വരുത്തിയതായി മന്ത്രാലയം 2023 ജനുവരിയിൽ അറിയിച്ചിരുന്നു.
Umrah performers coming from abroad could benefit from the characteristics of the Umrah insurance certificate during their stay in the Kingdom.#Makkah_in_Our_Hearts pic.twitter.com/PG4tSl4mG6
— Ministry of Hajj and Umrah (@MoHU_En) July 23, 2023