20ാമത് പശ്ചിമേഷ്യൻ സുരക്ഷാ ഫോറത്തിൽ പങ്കെടുത്ത് സൗദി വിദേശകാര്യമന്ത്രി
സമാധാനം കൊണ്ടുവരാനും പ്രതിസന്ധികളെ തരണം ചെയ്യാനും സൗദി അറേബ്യയും പശ്ചിമേഷ്യൻ മേഖലയിലെ സഹോദര രാജ്യങ്ങളും എപ്പോഴും ഗൗരവമായ രാഷ്ട്രീയ ഇച്ഛാശക്തിയാണ് പ്രകടിപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല പറഞ്ഞു. 20ാമത് പശ്ചിമേഷ്യൻ സുരക്ഷ ഫോറത്തിന്റെ (മനാമ ഡയലോഗ് 2024) ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അനുരഞ്ജനത്തിനും സഹകരണവും സൗഹൃദവും ദൃഢമാക്കുന്നതിനും സംഭാഷണങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതിനുമുള്ള മാർഗത്തിൽ മറ്റ് പശ്ചിമേഷ്യൻ പങ്കാളികളോടൊപ്പം നിൽക്കാൻ സൗദി സ്വയം പ്രതിജ്ഞാബദ്ധമാണ്.
എന്നാൽ, പ്രതിസന്ധികളും യുദ്ധങ്ങളും ഈ മേഖലയെ അപകടകരമായ വഴിത്തിരിവിലേക്ക് നയിച്ചു. ഗതി ശരിയാക്കി സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാതയിലേക്ക് തിരിച്ചുവരാൻ സംയുക്തവും ഫലപ്രദവുമായ പ്രവർത്തനം ഉണ്ടാകണം. പ്രാദേശിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിനുള്ള സൗദിയുടെ നയതന്ത്ര ശ്രമങ്ങളുടെ തത്വം വെല്ലുവിളികളെ അതിജീവിക്കുകയും അട്ടിമറിക്കാരുടെ പ്രവർത്തനങ്ങളെ തടയുകയും ചെയ്ത് സമാധാനത്തിന് ഒരു ഇടം സൃഷ്ടിക്കുക എന്നതാണ്.
മേഖലയിൽ സമാധാനം കെട്ടിപ്പടുക്കേണ്ടതുണ്ട്. ജനങ്ങൾ മെച്ചപ്പെട്ട ഭാവിയാണ് ആഗ്രഹിക്കുന്നത്. പ്രതീക്ഷിക്കുന്ന ഈ യാഥാർഥ്യം കൈവരിക്കാനാകുമെന്നും എന്നാൽ അതിന് കൂട്ടായ പരിശ്രമവും പ്രതിബദ്ധതയും ആവശ്യമാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. രാഷ്ട്രീയ ഇച്ഛാശക്തിയും തീരുമാനങ്ങളെടുക്കുന്നതിൽ ധീരതയും ആവശ്യമാണ്. അത് താൽപര്യങ്ങൾക്കും സങ്കുചിത പരിഗണനകൾക്കും അതീതമാണ്. സമാധാനം കൈവരിക്കുന്നതിന് അന്താരാഷ്ട്ര ശാക്തീകരണവും അത് നേടാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്ന എല്ലാ കക്ഷികളുമായി ഉറച്ച ഏറ്റുമുട്ടലും ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.