Begin typing your search...

ഇറാനുമായുള്ള ആണവ ചർച്ചയിൽ ജിസിസി രാജ്യങ്ങൾക്കും പ്രാതിനിധ്യം നൽകണമെന്ന് സൗദി, അഭിപ്രായം പറയാൻ അവസരം നൽകണം

ഇറാനുമായുള്ള ആണവ ചർച്ചയിൽ ജിസിസി രാജ്യങ്ങൾക്കും പ്രാതിനിധ്യം നൽകണമെന്ന് സൗദി, അഭിപ്രായം പറയാൻ അവസരം നൽകണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇറാൻ ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ ജിസിസി രാജ്യങ്ങൾക്ക് കൂടി പ്രാതിനിധ്യം നൽകുകയും അതേക്കുറിച്ച് അഭിപ്രായം പറയാൻ അവസരം നൽകുകയും ചെയ്യണമെന്ന് സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ആവശ്യപ്പെട്ടു. മ്യൂണിക്കിൽ നടന്ന സുരക്ഷാ കോൺഫറൻസ് 2023ൽ ഒരു ഡയലോഗ് സെഷനിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ശത്രു രാജ്യം ആണവായുധങ്ങൾ കൈക്കലാക്കുമ്പോൾ മറ്റുള്ളവരും അവരുടെ മാർഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാവുമെന്നും അദ്ദേഹം മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ വ്യക്തമാക്കി.

ഇറാനുമായുള്ള ആണവകരാറിന് പിന്തുണ

ഇറാനുമായുള്ള അന്താരാഷ്ട്ര ആണവ കരാർ തിരികെ കൊണ്ടുവരാനാണ് സൗദി ആഗ്രഹിക്കുന്നതെന്നും എന്നാൽ സമഗ്രമായ വീക്ഷണത്തോടെയും ഗൾഫ് പങ്കാളിത്തത്തോടെയും മാത്രമേ അത് നടപ്പിലാക്കാവൂ എന്നും ഫൈസൽ രാജകുമാരൻ പറഞ്ഞു. ആയുധങ്ങളുടെ വ്യാപനം മേഖലയ്ക്ക് ഗുണകരമല്ലെന്ന് പറഞ്ഞ അദ്ദേഹം, മിഡിൽ ഈസ്റ്റ് മേഖലയെ ആണവായുധങ്ങളിൽ നിന്ന് മുക്തമാക്കാനുള്ള ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണയ്ക്കുന്നതായും വ്യക്തമാക്കി.

ഉക്രെയിൻ പ്രതിസന്ധി ചർച്ചയിലൂടെ പരിഹരിക്കണം

ഉക്രെയിൻ പ്രതിസന്ധി പരിഹരിക്കാൻ സംഭാഷണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ വിദേശകാര്യ മന്ത്രി, പരിഹാരം കണ്ടെത്താൻ രാജ്യം ഇരു രാജ്യങ്ങളുമായുള്ള സംഭാഷണം തുടരുകയാണെന്നും അറിയിച്ചു. ചർച്ചകൾ നടത്താനുള്ള ആഗ്രഹത്തെക്കുറിച്ച് റഷ്യയും ഉക്രെയ്‌നും പറയുന്നുണ്ടെങ്കിലും അവർ തമ്മിലുള്ള പ്രശ്‌നങ്ങൾ സങ്കീർണ്ണമാണ്. റഷ്യയുമായുള്ള ബന്ധത്തിൽ ജിസിസിയുടെ നിലപാട് ഒറ്റക്കെട്ടാണെന്നും ഫൈസൽ രാജകുമാരൻ വ്യക്തമാക്കി. റഷ്യയുമായുള്ള ഞങ്ങളുടെ ബന്ധം മികച്ചതാണ്. സംഭാഷണത്തിന്റെ വാതിലുകൾ തുറന്നിടാൻ ഇത് എല്ലാവർക്കും പ്രയോജനകരമാകും- അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ സൗദിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ട്

അമേരിക്കയുമായുള്ള സൗദി അറേബ്യയുടെ ബന്ധത്തിന്റെ കാര്യത്തിൽ ദേശീയ താൽപ്പര്യങ്ങൾക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ഫൈസൽ രാജകുമാരൻ പറഞ്ഞു. ചില വിഷയങ്ങളിൽ അമേരിക്കയുമായി തങ്ങൾക്ക് ഭിന്നാഭിപ്രായമുണ്ട്. ഇത് എല്ലാവർക്കും അറിയാവുന്നതും പ്രഖ്യാപിതവുമായ കാര്യമാണ്. മേഖലയിലെ സുരക്ഷയുടെയും സ്ഥിരതയുടെയും വിഷയങ്ങളിൽ ഞങ്ങൾ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആഗോള എണ്ണ വിപണിയുടെ സ്ഥിരതയിൽ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. മേഖലയിലെ ഏറ്റവും വേഗത്തിൽ വളരുന്നതും ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയുമാണ് സൗദിയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ അക്രമം വർദ്ധിക്കുന്നതിനെതിരെയും കുടിയേറ്റ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുന്നതിന് എതിരേയും വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി.

Aishwarya
Next Story
Share it