സൗദി കിരീടാവകാശിയും യുഎഇ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സാഇദുമായി കൂടിക്കാഴ്ച നടത്തി. കിഴക്കൻ പ്രവിശ്യയിലെ അൽ അസീസിയ പാലസിൽ വെള്ളിയാഴ്ചയാണ് കിരീടാവകാശി യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. അറബ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം വെള്ളിയാഴ്ച സൗദിയുടെ കിഴക്കൻ മേഖല സന്ദർശിക്കാൻ കിരീടാവകാശിയെത്തിയത്. ദമ്മാമിലെ അൽഖലീജ് കൊട്ടാരത്തിൽ ഒരു കൂട്ടം പൗരന്മാർ, സമൂഹത്തിലെ ഉന്നതന്മാർ, അമീറുമാർ എന്നിവരെ കിരീടാവകാശി സ്വീകരിച്ചു. കിഴക്കൻ മേഖല വികസന അതോറിറ്റിയും അൽഅഹ്സ വികസന അതോറിറ്റിയും നടപ്പിലാക്കുന്ന വികസന പദ്ധതികൾ പരിശോധിക്കാനും വിലയിരുത്താനുമാണ് കിരീടാവകാശിയുടെ സന്ദർശനം. മേഖലയിലെ പൗരന്മാർക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്ന വ്യത്യസ്ത നിക്ഷേപ മേഖലകൾ സൃഷ്ടിക്കുന്നതിന് സംഭാവന ചെയ്യുന്നതാണ് വികസന പദ്ധതികൾ.