സൗദി അറേബ്യ: മഴയ്ക്ക് സാധ്യത; ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു
2023 ഓഗസ്റ്റ് 29, ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2023 ഓഗസ്റ്റ് 25 മുതൽ 29 വരെ സൗദി അറേബ്യയുടെ മിക്ക മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. ഈ കാലയളവിൽ മക്ക, അസിർ, അൽ ബഹ, ജസാൻ മുതലായ ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്.
ഈ മേഖലകളിൽ വെള്ളത്തിന്റെ കുത്തൊഴുക്ക്, ആലിപ്പഴം പൊഴിയൽ, പൊടിക്കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്. മദീന, നജ്‌റാൻ എന്നിവിടങ്ങളിലും മഴ, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. മഴ അനുഭവപ്പെടുന്ന അവസരങ്ങളിൽ സുരക്ഷിതമായ ഇടങ്ങളിൽ തുടരാൻ പൊതുജനങ്ങളോട് സിവിൽ ഡിഫൻസ് നിർദേശിച്ചിട്ടുണ്ട്. വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുള്ള ഇടങ്ങൾ ഒഴിവാക്കാനും, ജലാശയങ്ങളിലും, വെള്ളക്കെട്ടുകളിലും നീന്താൻ ഇറങ്ങരുതെന്നും, ചതുപ്പ് പ്രദേശങ്ങൾ, താഴ്‌വരകൾ തുടങ്ങിയ ഇടങ്ങൾ ഒഴിവാക്കാനും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.