ഖബറുകൾ അലങ്കരിക്കുന്നതും പേരുകൾ എഴുതുന്നതും വിലക്കി സൗദി
സൗദിയിൽ ഖബർസ്ഥാനുകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനും പൊതുമാനദണ്ഡങ്ങൾ നിശ്ചയിച്ച് മുനിസിപ്പൽ മന്ത്രാലയം. ഖബറുകൾ അലങ്കരിക്കുന്നതും പേരുകൾ എഴുതുന്നതും വിലക്കി. ഖബറാണെന്ന് തിരച്ചറിയാൻ സാധിക്കുന്ന വിധം നമ്പറുകൾ നൽകുന്നതിന് വിലക്കില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു.
മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയമാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഖബർസ്ഥാനുകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള നിർദ്ദേശങ്ങളാണ് ഇവ. ഖബർസ്ഥാനുകൾ ജനവാസ മേഖലയിൽ നിന്നും വിദൂരത്താകാതിരിക്കുക, ഖബറുകൾ കുഴിക്കുന്നതിന് അനുയോജ്യമായ ഭൂപ്രകൃതിയിലായിരിക്കുക, വെള്ളപൊക്കത്തിനോ മണ്ണൊലിപ്പിനോ സാധ്യതയില്ലാത്ത ഇടമായിരിക്കുക തുടങ്ങിയവ ഖബർസ്ഥാനുകൾ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡമായി മന്ത്രാലയ ഗൈഡ് പറയുന്നു.
എന്നാൽ ഖബറുകൾ അലങ്കരിക്കുന്നതും പ്രത്യേകം കെട്ടിയുയർത്തുന്നതും, ചായങ്ങളടിക്കുന്നതും, പേരുകൾ എഴുതുന്നതും അലങ്കാരത്തിനായി മരങ്ങൾ നടുന്നതും, വെളിച്ച സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. ഖബറാണെന്ന് തിരിച്ചറിയാൻ സാധിക്കും വിധം നമ്പറുകൾ നൽകുന്നതിന് വിലക്ക് ബാധകമാകില്ല.
ഖബർസ്ഥാനിൽ സ്ഥിരമായ ചാപ്പലുകൾ നിർമ്മിക്കുന്നതും, പ്രാർഥനക്കും വിലാപത്തിനുമായി പ്രത്യേകം സജ്ജീകരണങ്ങൾ ഒരുക്കുന്നതും നിരോധിച്ചവയിൽ ഉൾപ്പെടും മസ്ജിദുകൾ, സ്‌കൂളുകൾ, പൊതുയോഗ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഖബർസ്ഥാനുകൾ സ്ഥാപിക്കുന്നതിന് അനുമതി ലഭിക്കില്ല.