സൗദി അറേബ്യയിൽ പരിശോധ കർശനമാക്കി; താമസ, തൊഴിൽ നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി
താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ കർശനമാക്കി സൗദി അറേബ്യ. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ ഒരാഴ്ചക്കിടയിൽ 14,529 പ്രവാസി നിയമ ലംഘകരെ പിടികൂടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ 8,512 ഇഖാമ നിയമ ലംഘകരും 3,959 അതിർത്തി സുരക്ഷാചട്ട ലംഘകരും 2,058 തൊഴിൽ നിയമം ലംഘനം നടത്തിയവരുമാണെന്ന് അധികൃതർ അറിയിച്ചു.
അതിർത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 898 പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ 63 ശതമാനം യമനികളും 36 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 64 പേരെ സൗദി സുരക്ഷാ വകുപ്പുകള്‍ പിടികൂടി. തൊഴിൽ - താമസ നിയമങ്ങൾ ലംഘിച്ചവർക്ക് അഭയം നൽകിയതിനും അവർക്ക് താമസ സൗകര്യം ഒരുക്കിയതിനുമാണ് 23 പേരെ പിടികൂടിയത്.
ഇതുവരെ അറസ്റ്റിലായ, 34,067 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിനായി അധികാരികൾ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യലയങ്ങളിലേക്ക് മാറ്റുകയും നടപടികൾ സ്വീകരിച്ചു വരികയുമാണ്. ഇവരിൽ 1,854 പേരെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ മാറ്റുകയും 9,494 പേരെ നാടുകടത്തുകയും ചെയ്തു.
സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗത സൗകര്യങ്ങളോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നതും ഗുരുതരമായ കുറ്റമാണ്.