ലബനാനിലേക്ക് പോകരുതെന്ന പൗരന്മാർക്കുള്ള വിലക്ക് ആവർത്തിച്ച് സൗദി
ലബനാനിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാരെ വിലക്കി സൗദി വിദേശകാര്യാലയം. ലബനാനിലേക്കുള്ള യാത്ര നിരോധിച്ചുള്ള മുൻ തീരുമാനം എല്ലാ പൗരന്മാരും അനുസരിക്കണമെന്ന് ലബനാനിലെ സൗദി എംബസി വ്യക്തമാക്കി. ഇസ്രായേൽ, ലബനാൻ, ഹിസ്ബുള്ള, ഇറാൻ എന്നിവക്കിടയിൽ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന ഭീതി നിലനിൽക്കുന്നതിനെത്തുടർന്നാണിത്. തെക്കൻ ലബനാനിലെ നിലവിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ലബനാൻ വിട്ടുപോകാൻ അവിടെയുള്ള പൗരന്മാരോട് ആവശ്യപ്പെടുന്നു. ഏതെങ്കിലും അടിയന്തര സാഹചര്യത്തിൽ പൗരന്മാർ എംബസിയുമായി ആശയവിനിമയം നടത്തേണ്ടതുണ്ടെന്നും സൗദി എംബസി വ്യക്തമാക്കി.
അതേസമയം, ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള മിസൈൽ ആക്രമണം രൂക്ഷമായതോടെ അറബ്, പാശ്ചാത്യ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ലബനാൻ വിടാനുള്ള ആഹ്വാനം ശക്തമാക്കി. ചില വിമാനക്കമ്പനികൾ അവരുടെ വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചു. ജോർഡാനിയൻ വിദേശകാര്യ മന്ത്രാലയം പൗരന്മാരോട് അവരുടെ സുരക്ഷയെ മുൻനിർത്തി ലബനാനിലേക്ക് യാത്ര ചെയ്യരുതെന്ന് ആവശ്യപ്പെട്ടു.
ലബനാനിൽ താമസിക്കുന്ന പൗരന്മാരോട് എത്രയും വേഗം മടങ്ങാനും ജോർഡാൻ ആവശ്യപ്പെട്ടു. ലബനാനിലെ യു.എസ് എംബസിയും തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം ലബനാനിൽനിന്ന് മടങ്ങാനും ലഭ്യമായ ഏതെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാനും യു.എസിലേക്ക് മടങ്ങാൻ പണമില്ലെങ്കിൽ എംബസിയുമായി ബന്ധപ്പെടാനും യു.എസ് എംബസിയും ആവശ്യപ്പെട്ടിട്ടുണ്ട്.