സൗദി അറേബ്യ ഇനി ചൈനീസ് വിനോദ സഞ്ചാരികളുടെ കേന്ദ്രം
ഈ വർഷം ജൂലൈ ഒന്ന് മുതൽ ചൈനയിൽനിന്നുള്ള വിനോദസഞ്ചാരികളുടെ ഔദ്യോഗിക വിനോദസഞ്ചാര കേന്ദ്രമായി സൗദി അറേബ്യ. ചൈനീസ് നഗരമായ ഷാങ്ഹായിൽ നടന്ന ഐ.ടി.ബി എക്സിബിഷനിൽ വിശിഷ്ടാതിഥി രാജ്യമായി പങ്കെടുക്കവേയാണ് സൗദി ചൈനക്ക് അംഗീകൃത ഡെസ്റ്റിനേഷൻ പദവി (എ.ഡി.എസ്) നൽകിയതായി പ്രഖ്യാപിച്ചത്. നിരവധി ഉന്നതതല യോഗങ്ങളും ധാരണാപത്രങ്ങളുടെ ഒപ്പിടലും ഇരു രാജ്യങ്ങളുടെയും ടൂറിസം വകുപ്പുകൾ തമ്മിലുള്ള സഹകരണത്തിനുള്ള വിവിധ നടപടികളും പൂർത്തിയാക്കിയശേഷമാണ് പ്രഖ്യാപനമുണ്ടായത്.
സൗദിയിലേക്ക് വിനോദസഞ്ചാരികളെ അയക്കുന്ന മൂന്നാമത്തെ വലിയ രാജ്യം എന്ന നിലയിൽ 2030ഓടെ 50 ലക്ഷത്തിലധികം ചൈനീസ് വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള അംഗീകൃതവും ഔദ്യോഗികവുമായ വിനോദസഞ്ചാര കേന്ദ്രമായി സൗദി അറേബ്യയെ ഉൾപ്പെടുത്തിയത് ഇരു രാജ്യങ്ങളുടെയും ടൂറിസം മേഖലകൾ തമ്മിലുള്ള സംയുക്ത ശ്രമങ്ങളിലും അടുത്ത സഹകരണത്തിലും കലാശിക്കുന്ന ഒരു സുപ്രധാന ഘട്ടമാണെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു.
2030ഓടെ 50 ലക്ഷത്തിലധികം ചൈനീസ് വിനോദസഞ്ചാരികളെ ആകർഷിക്കാൻ സൗദി ലക്ഷ്യമിടുന്നു. രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ മൂന്നാമത്തെ വലിയ ഉറവിടമാണ് ചൈന. അവിടെനിന്നുള്ള വിനോദസഞ്ചാരികളെ സ്വീകരിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അസാധാരണവും പ്രചോദനാത്മകവുമായ ഒരു ടൂറിസം അനുഭവം ആസ്വദിക്കാൻ ചൈനീസ് വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നുവെന്നും ടൂറിസം മന്ത്രി പറഞ്ഞു.
ചൈനയിൽ നിന്നുള്ള ടൂറിസ്റ്റ് ഗ്രൂപ്പുകൾക്കായി സൗദി അറേബ്യയെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി അംഗീകരിച്ചത് വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള നല്ല നടപടിയാണെന്ന് ചൈനയിലെ സൗദി അംബാസഡർ അബ്ദുറഹ്മാൻ ബിൻ അഹമ്മദ് അൽ ഹർബി പറഞ്ഞു. എല്ലാ തലങ്ങളിലുമുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ ആഴം സ്ഥിരീകരിക്കുന്നതാണെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
ചൈനീസ് സഞ്ചാരികളെ ആകർഷിക്കുന്നതിന് വിവിധ പദ്ധതികളാണ് സൗദി നടപ്പാക്കിവരുന്നത്. വിസ നടപടിക്രമങ്ങൾ സുഗമമാക്കുക, വിമാനങ്ങളുടെ ശേഷി വർധിപ്പിക്കുക, വിമാനത്താവളങ്ങളിലും ലക്ഷ്യസ്ഥാനങ്ങളിലും ടൂറിസ്റ്റ് സൈറ്റുകളിലും ചൈനീസ് ഭാഷയിലുള്ള ആശയവിനിയമ സംവിധാനങ്ങളും അവർ ഇഷ്ടപ്പെടുന്ന പേയ്മെൻറ് സംവിധാനങ്ങളും അങ്ങനെ സജ്ജീകരിക്കുന്നവയിൽ ഉൾപ്പെടും. അടുത്തിടെ റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും ചൈനയിലേക്ക് ഒമ്പത് നേരിട്ടുള്ള പ്രതിവാര വിമാന സർവിസുകൾ ആരംഭിച്ചിരുന്നു.