നിത്യോപയോഗ ഭക്ഷ്യ ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടി സൗദി
നിത്യോപയോഗ ഭക്ഷ്യ കാർഷിക ഉൽപാദനത്തിൽ സൗദി അറേബ്യ സ്വയം പര്യാപ്തത കൈവരിച്ചതായി റിപ്പോർട്ട്. പാൽ, മുട്ട, മത്സ്യ-മാംത്സങ്ങളുടെ ഉൽപാദനത്തിലാണ് ഗണ്യമായ വർധനവ് രേഖപ്പെടുത്തിയത്. കൃഷി ഭൂമിയുടെ വിസ്തൃതിയിലും ഉൽപാദനത്തിലും വലിയ വർധനവ് രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അഥവ ഗസ്റ്റാറ്റാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2022ലെ സ്ഥിതിവിവരകണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
പാൽ, മുട്ട, മത്സ്യ-മാംത്സങ്ങളുടെ ഉൽപാദനത്തിൽ രാജ്യം സ്വയം പര്യാപ്തത കൈവരിച്ചു വരുന്നതായി റിപ്പോർട്ട് പറയുന്നു. രാജ്യത്തെ മൃഗങ്ങളിൽ നിന്നുള്ള പാലുൽപാദനം 118ശതമാനം നിരക്കിൽ ഉയർന്നതോടെ സ്വയംപര്യാപ്തത കൈവരിച്ച ഉൽപന്നത്തിൽ പാൽ ഒന്നാമതായി. കോഴിമുട്ടകളുടെ ഉൽപാദനം 117 ശതമാനം തോതിലും മത്സ്യ ഉൽപാദനം 48 ശതമാനം തോതിലും വർധിച്ചതും നേട്ടത്തിന് കാരണമായി.
കൃഷി ഉൽപന്നങ്ങളിൽ ഈന്തപ്പഴമാണ് മുന്നിൽ 124ശതമാനം നിരക്കിൽ വർധനവ് രേഖപ്പെടുത്തി. പച്ചക്കറികളായ തക്കാളി 67ശതമാനം നിരക്കിലും ഉളളി 44ശതമാനം നിരക്കിലും വർധനവുണ്ടായി. രാജ്യത്തെ മൊത്തം ജൈവകൃഷിയുടെ വിസ്തീർണ്ണം 19100 ഹെക്ടറിലെത്തി. ഇതിൽ 11500ഹെക്ടറും ഈന്തപ്പഴമൊഴികയുള്ള ഫലവിഭവങ്ങളുടെ കൃഷിയിടങ്ങളാണ്.