8 രാജ്യങ്ങൾക്ക് കൂടി സന്ദർശ ഇ-വിസ അനുവദിച്ച് സൗദി അറേബ്യ; ഇതോടെ ഇ-വിസ പദ്ധതിയിൽ പെടുത്തിയ രാജ്യങ്ങൾ 57 ആയി
പുതുതായി എട്ട് രാജ്യങ്ങളെ കൂടി സന്ദര്‍ശക ഇ-വിസ പദ്ധതിയിൽ ഉള്‍പ്പെടുത്തി വിപുലീകരിക്കുമെന്ന പ്രഖ്യാപനവുമായി സൗദി അറേബ്യ. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ ഇലക്ട്രോണിക് ആയോ അല്ലെങ്കില്‍ രാജ്യത്തിന്റെ പ്രവേശന മാര്‍ഗങ്ങളിലൊന്നില്‍ എത്തുമ്പോഴോ അപേക്ഷിക്കാം.അല്‍ബേനിയ, അസര്‍ബൈജാന്‍, ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍, മാലിദ്വീപ്, ദക്ഷിണാഫ്രിക്ക, തജിസ്കിസ്ഥാന്‍, ഉസ്ബസ്‌കിസ്ഥാന്‍ എന്നീ രാജ്യങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. എട്ടു രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയതോടെ ഇ-വിസ പദ്ധതിയില്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം 57 ആയി. രാജ്യം സന്ദര്‍ശിക്കാനും ബിസിനസ് ആവശ്യങ്ങള്‍ക്കും ഉംറ നിര്‍വഹിക്കാനും ഇ-വിസ ഉപയോഗിക്കാം.
ഇ-വിസ എട്ട് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിലൂടെ കൂടുതല്‍ സന്ദര്‍ശകര്‍ക്ക് എളുപ്പത്തിലും വേഗത്തിലും രാജ്യത്തെ വിവിധ മേഖലകള്‍ സന്ദര്‍ശിക്കാനും ഉംറ നിര്‍വഹിക്കാനും കഴിയും. വിസിറ്റര്‍ ഇ-വിസയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയാണുള്ളത്. ഇതുപയോഗിച്ച് ഒന്നിലേറെ തവണ രാജ്യം സന്ദര്‍ശിക്കാനും 90 ദിവസം വരെ രാജ്യത്ത് താമസിക്കാനും സാധിക്കും. 2019ല്‍ സൗദി അറേബ്യ ഇ-വിസ പദ്ധതിക്ക് തുടക്കമിട്ട ശേഷം 2022ല്‍ രാജ്യത്തെത്തിയത് 9.35 കോടി സന്ദര്‍ശകരാണ്.