സൗദി അറേബ്യയിൽ പൊതുഗതാഗതം രാജ്യവ്യാപകമാക്കുന്നു ; ഫറസാൻ ദ്വീപിൽ ബസ് സർവീസ് ആരംഭിച്ചു
സൗദി അറേബ്യയിലെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ചെങ്കടലിലെ ഫറസാൻ ദ്വീപിൽ പൊതുഗതാഗത സംവിധാനത്തിന് തുടക്കം. ഈ ദ്വീപുസമൂഹത്തിലെ വിവിധ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ബസ് സർവിസ് ആരംഭിച്ചു. ദ്വീപ് ഗവർണർ അബ്ദുല്ല ബിൻ മുഹമ്മദ് അൽദാഫിരി ഉദ്ഘാടനം ചെയ്തു. ജിസാൻ, സബിയ, അബു അരീഷ് എന്നിവിടങ്ങളിൽ ആരംഭിച്ച പബ്ലിക് ബസ് ഗതാഗതപദ്ധതിയുടെ ഭാഗമാണിത്.
ദ്വീപിൽ ആകെ ഒമ്പത് റൂട്ടുകളിലായി 360 കി.മീറ്ററിൽ 47 ബസുകൾ ദിവസം18 മണിക്കൂർ സർവിസ് നടത്തും. ഈ റൂട്ടുകളിലെല്ലാം കൂടി 94 സ്റ്റോപ്പിങ് പോയന്റുകളുണ്ട്. ഇത്രയും ബസുകൾക്കായി 94 ഡ്രൈവർമാരെ നിയോഗിച്ചിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളും സുരക്ഷ സംവിധാനവും സജ്ജീകരിച്ചിട്ടുള്ള ബസുകളാണ് സർവിസ് നടത്തുന്നത്. ഫറസാൻ ദ്വീപ് സന്ദർശിക്കാനെത്തുന്നവർക്ക് വളരെ സൗകര്യപ്രദമാകുമിത്.
ഫറസാൻ ദ്വീപുകളുടെ ഏത് ഭാഗത്തേക്കും എളുപ്പത്തിൽ സഞ്ചരിക്കാൻ ബസ് സഹായമാവും. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഫറസാന്റെ സ്ഥാനം ഉയർത്തുന്നതാണ് പൊതുഗതാഗത സൗകര്യം. കൂടാതെ ദ്വീപിൽ താമസിക്കുകയും ജോലിയെടുക്കുകയും വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ നടത്തുകയും ചെയ്യുന്ന ആളുകൾക്കും ഇത് സൗകര്യവും സഹായവുമാകും. ഒപ്പം ചരക്കുഗതാഗതവും എളുപ്പമാവും.
രാജ്യത്തെ വിവിധ മേഖലകളിലും പട്ടണങ്ങളിലും പൊതുഗതാഗത പദ്ധതികൾ വിപുലീകരിക്കാൻ ലക്ഷ്യമിട്ട് 19ലധികം പദ്ധതികളാണ് പൊതുഗതാഗത അതോറിറ്റി നടപ്പാക്കുന്നത്. ‘വിഷൻ 2030’ ചട്ടക്കൂടിനുള്ളിൽ ലക്ഷ്യപൂർത്തീകരണത്തിനായി വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ അതോറിറ്റി നടപ്പാക്കുന്ന ഈ പദ്ധതികൾ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ജനങ്ങൾക്ക് നിരവധി ഗതാഗത സൗകര്യങ്ങൾ ഒരുക്കാനുള്ള വിശാല ലക്ഷ്യങ്ങളോടെയുള്ളതുമാണ്.
ഈ പദ്ധതികളുടെയെല്ലാം ഗുണഭോക്താക്കളുടെ സംതൃപ്തി വർധിപ്പിക്കുന്നതിനും ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമായി അതോറിറ്റി ‘ഉപഭോക്താവിന്റെ ശബ്ദം’ എന്ന പ്ലാറ്റ്ഫോം ആരംഭിച്ചു. സമഗ്രവും കൃത്യവുമായ ഡേറ്റ അടിസ്ഥാനമാക്കി സേവനങ്ങൾ മെച്ചപ്പെടുത്താനും വികസിപ്പിക്കാനുമാണിത്.